Sunday, 6 October 2019

സോളാര്‍പ്ലാന്റുകള്‍ കെ.എസ്.ഇ.ബി ലൈനുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.(Grid connectivity procedures for solar power plants)



സോളാര്‍പ്ലാന്റുകള്‍ കെ.എസ്.ഇ.ബി ലൈനുമായി 
ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.


  1. കെ.എസ്..ബിയുടെ വൈദ്യുത വിതരണ ശൃഖലയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സൗരവൈദ്യുത ഉല്‍പ്പാദന സംവിധാനങ്ങള്‍ക്ക് 2014 ജൂണ്‍ 10ന് KSERC പുറപ്പെടുവിച്ച് ചട്ടങ്ങള്‍ പ്രകാരം എല്ലാ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ കെ.എസ്..ബി അനുമതി നല്‍കുന്നുണ്ട്
     
  2. ഒരു കിലോ വാട്ടുമുതല്‍ ഒരു മെഗാവാട്ടുവരെയുള്ള സോളാര്‍ പ്ലാന്റുകള്‍ക്ക് നിലവില്‍ സര്‍വ്വീസ് കണക്ഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സപ്ളൈ വോള്‍ട്ടേജ് അനുസരിച്ച് ഇത്തരത്തില്‍ അനുമതി ലഭിക്കുന്നതാണ്.ചാര്‍ട്ട് താഴെ കൊടുത്തിരിക്കുന്നു.
    വോള്‍ട്ടേജ്
    ശേഷി(കിലേവാട്ട്)
    സിംഗിള്‍ ഫേസ് 240 വോള്‍ട്ട്
    ഒരു കിലോവാട്ട്മുതല്‍ അഞ്ച് കിലോവാട്ട് വരെ
    ത്രീ ഫേസ് 415വോള്‍ട്ട്
    100കിലോവാട്ട് വരെ
    ഹൈടെന്‍ഷന്‍ 11കിലോവോള്‍ട്ട്
    1000 കിലോവാട്ട് വരെ
  3. സോളാര്‍ പ്ലാന്റിനോടൊപ്പം KSEB ലൈനിലേക്ക് കടത്തിവിടുന്ന വൈദ്യുതിയും(കയറ്റുമതി) ലൈനില്‍ നിന്ന് എടുത്ത് ഉപയോഗിക്കുന്ന വൈദ്യുതിയും(ഇറക്കുമതി) പ്രത്യേകമായി രേഖപ്പെടുത്താന്‍ കഴിവുള്ള നെറ്റ് മീറ്ററും, സോളാര്‍പ്ലാന്റ് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി അളക്കുന്നതിനായി സോളാര്‍ മീറ്ററും ഉപഭോക്താവ് സ്വന്തമായി വാങ്ങിവെയ്കുകയോ ,അല്ലെങ്കില്‍ KSEB വെയ്കുുന്നതിന് അപേക്ഷിക്കുകയോ ചെയ്യേണ്ടതാണ്. KSEB വെയ്കുന്ന മീറ്ററുകള്‍ക്ക് പ്രതിമാസ വാടക ബാധകമായിരിക്കും.
  4. നെറ്റ് മീറ്റര്‍ റീഡിംഗ് പ്രകാരം കയറ്റുമതി-ഇറക്കുമതി മിച്ച വൈദ്യുതിക്ക് നിലവിലുള്ള അതെ താരിഫില്‍ ബില്ലു നല്‍കും. കയറ്റുമതി വൈദ്യുതി കൂടിനിന്നാല്‍ ഉപഭോക്താവ് പണം അടയ്കേണ്ടതില്ല. കൂടാതെ മിച്ചവൈദ്യുതി അടുത്തമാസം ഉപയോഗിക്കാവുന്നതുമാണ്.
  5. ഒക്ടോബര്‍ 1 മുതല്‍ സപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍(Settlement Period) കയറ്റുമതി മിച്ചം കൂടിനില്‍ക്കുകയാണെങ്കില്‍ അത്രയും വൈദ്യുതി KSEB വാങ്ങിയതായി കണക്കാക്കി വില നല്‍കുന്നതാണ്.
  6. ഒരു ഉപഭോക്താവിന് ഒരു കണ്‍സ്യമര്‍ പരിസരത്ത് ഒരു സോളാര്‍ പ്ലാന്റ് മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ.എന്നാല്‍ ഈ സ്ഥലത്ത് ഉല്‍പ്പാദിപ്പിച്ച വൈദ്യുതി ഉപഭോക്താവിന് തന്റെ തന്നെ മറ്റിടങ്ങളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഉപയോഗിക്കാന്‍ കഴിയും
     
    വ്യവസ്ഥകള്‍.
       (1) ഉപയോഗിക്കുന്ന കണ്‍സ്യുമര്‍ നമ്പര്‍ എഗ്രിമെന്റ് സ്വന്തം പേരിലായിരിക്കണം.
       (2) കയറ്റുമതി മിച്ചവൈദ്യുതി പ്രതിമാസം 500യൂണിറ്റിന് മുകളിലായിരിക്കണം.
       (3)ഉപയോഗിക്കുന്ന സ്ഥലങ്ങളുടെ മുന്‍ഗണനാക്രമം മുന്‍കൂട്ടി അപേക്ഷയില്‍   
           അറിയിക്കണം.
       (4)കയറ്റുമതി മിച്ചത്തിന്റെ 5% വിതരണനഷ്ടമായും മറ്റുചിലവുകള്‍ക്കായും കുറവുചെയ്യും
     
  7. CEA-യുടെ Technical standerds of connectivity for distributed generation resources-2013 പ്രകാരം സോളാര്‍ പ്ലാന്റുകളുടെ രൂപകല്‍പന,നിര്‍മ്മാണം,പ്രവര്‍ത്തനം എന്നിവ ഉപഭോക്താവിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തമായിരിക്കും.സോളാര്‍ പ്ലാന്റ് പരിശോധിക്കാന്‍ KSEB -യെ അടിയന്തിരഘട്ടങ്ങളില്‍ അനുവദിക്കേണ്ടതാണ്.
  8. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള നിര്‍ദ്ദിഷ്ട അപേക്ഷ(annexure-1) പൂരിപ്പിച്ച് അതാത് സെക്ഷനോഫിസില്‍,1000 രൂപ അപേക്ഷ ഫീസടച്ച് സമര്‍പ്പിക്കേണ്ടതാണ്.
  9. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ KSEB പരിശോധനനടത്തി പ്ലാന്റു സ്ഥാപിക്കാന്‍ കഴിയുമോ എന്ന് സാധ്യതാ സര്‍ട്ടിഫിക്കറ്റ്(Feasibility certificate) നല്‍കും. പ്രസ്തുതതീയ്യതിമുതല്‍ 30 ദിവസത്തിനകം അനുബന്ധം-2-ലെ അപേക്ഷയില്‍ സോളാര്‍പ്ലാന്റ് സെക്ഷനോഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ കലാവധി ആറുമാസമാണ്. ഉചിതമായ കാരണങ്ങളില്‍ രജിസ്ട്രേഷന്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാവുന്നതാണ്. ആറുമാസത്തിനുളളില്‍ അംഗീകൃത വയര്‍മാന്‍/സൂപ്പര്‍വൈസര്‍/കോണ്‍ട്രാക്റ്റര്‍ മുഖേന സോളാര്‍ പ്ലാന്റ് സ്ഥാപിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ ഫീസ് നഷ്ടപ്പെടുന്നതാണ്. ഒരുകിലേവാട്ടിന് 1000രൂപയാണ് ഫീസ്. മതിയായ കാരണങ്ങളാല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാതെ വന്നാല്‍ അപേക്ഷ പിന്‍വലിക്കാന്‍ അനുവദിക്കുന്നതും 80% രജിസ്ട്രേഷന്‍ ഫീസ് മടക്കി നല്‍കുന്നതുമാണ്.
  10. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നുള്ള അനുമതിയോടെ അനുബന്ധം-3 പ്രകാരമുള്ള അപേക്ഷയില്‍ സോളാര്‍ പ്ലാന്റ് KSEB -ടെസ്റ്റു ചെയ്യുന്നതാണ്. ടെസ്റ്റ് പാസായാല്‍ 15 ദിവസത്തിനുള്ളില്‍ നെറ്റ് മീറ്റര്‍ എഗ്രിമെന്റ് (അനുബന്ധം-10) ഒപ്പുവെയ്ക്കണം. തുടര്‍ന്ന് 7 ദിവസത്തിനുള്ളില്‍ മീറ്ററുകള്‍ ഘടിപ്പിച്ച് പ്ലാന്റ് KSEB ലൈനുമായി കണക്റ്റുചെയ്യ്ത് ഉപയോഗിക്കാം.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും അപേക്ഷാ ഫോമുകള്‍ക്കുമായി ഇവിടെ ക്ലിക്കുചെയ്യുക.

Sunday, 22 July 2018

കെ.എസ്.ഇ.ബി കസ്റ്റമര്‍കെയര്‍ സേവനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം...?

കെ.എസ്.ഇ.ബി കസ്റ്റമര്‍കെയര്‍ സേവനങ്ങള്‍ 

അടിയന്തിരഘട്ടങ്ങളില്‍ കെ.എസ്.ഇ.ബിയിലേക്ക് ഫോണ്‍വിളിച്ചാല്‍ കിട്ടില്ല എന്നത് മിക്കവരുടെയും പരാതിയാണ്. ധാരാളം പേര്‍ ഒരേ സമയം ഫോണ്‍ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റും നിങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍കെയറുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം തേടാവുന്നതാണ്.
എങ്ങിനെയൊക്കെ കസ്റ്റമര്‍കെയറില്‍ പരാതിരേഖപ്പെടുത്താ..?
 
1912(ടോള്‍ഫ്രീ നമ്പര്‍) മുഖേന 'വൈദ്യുതി ഇല്ല (No Power)' എന്ന പരാതി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്ന വിധം
ഒരു ഫോൺ നമ്പറിൽ നിന്ന് ആദ്യമായി പരാതി രജിസ്റ്റർ ചെയ്യുന്നതിന്
1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. 13 അക്ക കൺസ്യൂമർ നമ്പർ രേഖപ്പെടുത്തുക.വീണ്ടും 11 ഡയൽ ചെയ്യുന്നതോടെ പരാതി രജിസ്റ്റർ ആവുന്നു.
ഒരു ഫോൺ നമ്പറിൽ നിന്ന് ഏറ്റവും ഒടുവിൽ IVRS മുഖേന പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ വീണ്ടും പരാതി രജിസ്റ്റർ ചെയ്യാൻ
1912 ഡയൽ ചെയ്യുക. ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. കൺസ്യൂമർ നമ്പർ കേൾക്കുക. വീണ്ടും 11 ഡയൽ ചെയ്യുക.
ഒരു ഫോൺ നമ്പറിൽ നിന്ന് അവസാനം പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ നിന്ന് വ്യത്യസ്‌തമായി മറ്റൊരു കൺസ്യൂമർ നമ്പറിന്റെ പരാതി രജിസ്റ്റർ ചെയ്യാൻ
1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. കൺസ്യൂമർ നമ്പർ കേൾക്കുക. 0 ഡയൽ ചെയ്ത് പുതിയ കൺസ്യൂമർ നമ്പർ ഡയൽ ചെയ്യുക. ശേഷം 11 ഡയൽ ചെയ്യുക.


പരാതികൾ WhatsApp ലൂടെയും

പരാതികൾ WhatsApp ലൂടെ 9496001912 എന്ന നമ്പർ വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ ചെയ്തോ SMS ലൂടെയോ ഈ നമ്പറിൽ പരാതികൾ സ്വീകരിക്കില്ല.
1912 ൽ നിന്നു ലഭിക്കുന്ന സേവനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടേണ്ട നമ്പർ :
കാള്‍സെന്റര്‍ മാനേജര്‍ :9496012400
വൈദ്യുതി സംബന്ധമായ അപകടങ്ങളും മറ്റു അടിയന്തിര സാഹചര്യങ്ങളും അറിയിക്കുന്നതിന് 9496061061എന്ന പ്രത്യേക എമർജൻസി നമ്പറിലേക്ക് വിളിക്കാവുന്നതാണ് 


കാള്‍ സെന്റര്‍ :1912 (ടോൾ ഫ്രീ)
                       OR
0471-2555544 (കേരളത്തിനു പുറത്തുനിന്നും)
കസ്റ്റമർ കെയർ അസിസ്റ്റന്റുമായി സംസാരിക്കുന്നതിന്
1912 ഡയൽ ചെയ്യുക. ശബ്ദലേഖനം ചെയ്ത സന്ദേശം കേട്ടുതുടങ്ങുമ്പോൾ 19 ഡയൽ ചെയ്യുക

wss.kseb.in എന്ന വെബ് സൈറ്റ് വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Friday, 20 July 2018

കെ.എസ്.ഇ.ബി-പുതിയ വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും..




നടപടിക്രമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍
  1. വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട കെട്ടിടത്തിന്റെ/സ്ഥലത്തിന്റെ ഉടമസ്ഥനോ നിയമപരമായ കൈവശക്കാരനോ പ്രസ്തുത സ്ഥലത്ത് വൈദ്യുതികണക്ഷന് അപേക്ഷിക്കാവുന്നതാണ്. 
  2. അപേക്ഷ നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ പൂരിപ്പിച്ച് നല്‍കാവുന്നതാണ്.അപേക്ഷാഫോം നിശ്ചിത തുക(Rs.10/-) നല്‍കി കെ.എസ്.ഇ.ബി ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്.കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ (www.kseb.in) നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അപേക്ഷാഫോമും ഉപയോഗിക്കാവുന്നതാണ്.
  3.  കണക്ഷന്‍ ലഭിക്കേണ്ട കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശത്തെ സെക്ഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. kseb യുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന(www.pg.kseb.in) ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്.
  4. അപേക്ഷന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
  5. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി പവര്‍ലൈന്‍, ഭൂഗര്‍ഭകേബിള്‍, വെതര്‍പ്രൂഫ് കേബിള്‍ ഇവയിലേതെങ്കിലും മറ്റ് പുരയിടങ്ങളിലൂടെ കടന്ന്പോകണമെങ്കില്‍ സ്ഥലമുടമയുടെ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തുകയും അനുമതി അപേക്ഷയില്‍ രേഖപ്പെടുത്തി(ഒപ്പ്) വാങ്ങേണ്ടതുമാണ്.
  6. അപേക്ഷകന് സൗകര്യപ്രദമായ ദിവസം സ്ഥലപരിശോധന നടത്തുന്നതിന് അപേക്ഷയിലെ നിര്‍ദ്ദിഷ്ട കളത്തില്‍ ദിവസം രേഖപ്പെടുത്തേണ്ടതാണ്.(ആവശ്യമെങ്കില്‍ മാത്രം). ഇതിനായി അധികചാര്‍ജ്ജ്(റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത്) അടയ്കേണ്ടതാണ്.
  7. എസ്.സി/എസ്.റ്റി,ബി,പി,എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇളവ് അനുവദിച്ചുകിട്ടാന്‍  ആവശ്യമായരേഖകള്‍ അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.
സര്‍വ്വീസ് കണക്ഷന്‍ അപേക്ഷയോടപ്പം ഹാജരാക്കേണ്ട രേഖകള്‍
  1. തിരിച്ചറിയല്‍ രേഖ(വോട്ടേഴ്സ് എൈഡി കാര്‍ഡ്,പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്,റേഷന്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്,ആധാര്‍ , എന്‍.പി.ആര്‍ കാര്‍ഡ്, ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/ ഏതെങ്കിലും ഗവണ്‍മെന്റ് ഏജന്‍സി നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്)
  2. സ്ഥലം/കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ/കൈവശാവകാശം തെളിയിക്കുന്ന രേഖ.
  • അസ്സല്‍ പ്രമാണത്തിന്റെ /വാടകക്കരാറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  • കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ നല്‍കുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്.
  • വസ്തുവിന് വില്ലേജ് ഓഫീസ് /റവന്യൂ അധികാരികള്‍ നല്‍കുന്ന കൈവശ സര്‍ട്ടിഫിക്കറ്റ്.
  • വ്യവസായ പാര്‍ക്കുകള്‍ /എസ്റ്റേറ്റുകള്‍ എന്നിവയ്ക്ക് അതാത് അധികാരികള്‍ അനുവദിച്ച് നല്‍കിയ കത്ത്.
3.മറ്റ് രേഖകള്‍
  • പുഞ്ച/കോള്‍ നിലങ്ങളിലെ കാര്‍ഷിക കണക്ഷന്  കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനുവാദപത്രം.
  • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്,കുളം,കിണര്‍ എന്നിവയില്‍ നിന്ന് വെള്ളം പമ്പുചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള നിരാക്ഷേപപത്രം(No Objection Certificate)
നിബന്ധനകള്‍
  1. വയറിംഗ് സാമഗ്രികള്‍  BIS(ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം.
  2. മീറ്റര്‍ ബോര്‍ഡ് ലൈസന്‍സിക്ക്(kseb)ക്ക് അനുയോജ്യവും (റീഡിംഗിന്) സുരക്ഷിതവുമായ സ്ഥാനത്താണ് സ്ഥാപിക്കേണ്ടത്.
  3. വയറിംഗില്‍ ELCB(എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) നിര്‍ബന്ധമായും ഘടിപ്പിക്കണം.
  4. വയറിംഗിന് അംഗീകൃത വയര്‍മാന്‍/സൂപ്പര്‍വൈസര്‍/കോണ്‍ട്രാക്റ്റര്‍ എന്നിവരുടെ ഒപ്പോടുകൂടിയ പരിശോധനപൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്(wiring completion certificate)ഉടമസ്ഥന്‍ സൂക്ഷിക്കേണ്ടതാണ്.ഇതിന്റെ പകര്‍പ്പ് അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങിനെ? 
  1. പൂരിപ്പിച്ച അപേക്ഷ ,കെട്ടിടഉടസ്ഥാവകാശരേഖ, വസ്തുകൈവശാവകാശരേഖ,തിരിച്ചറിയല്‍ രേഖ,കെട്ടിടം സ്ഥലഅളവുകള്‍ വയറിംഗ് എന്നിവ അടയാളപ്പെടുത്തിയ രേഖാചിത്രം,വയറിംഗ് പരിശോധനാപൂര്‍ത്തീകരണ രേഖ,മറ്റ് രേഖകള്‍(ആവശ്യമെങ്കില്‍ മാത്രം),200രൂപയുടെ സ്പെഷ്യല്‍ അഡ്ഹസീവ് സ്റ്റാമ്പ് സഹിതം നിങ്ങളുടെ സെക്ഷന്‍ ഓഫീസിലെത്തി 50രൂപ അപേക്ഷാഫീസടച്ച് സമര്‍പ്പിക്കാവുന്നതാണ്.
  2. തുടര്‍ന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ നിങ്ങളുടെ കെട്ടിടവും വയറിംഗും,അപേക്ഷയും പരിശോധിക്കുകയും എ‍ന്തെങ്കിലും ന്യുനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുന്നതുമാണ്.
  3. തുടര്‍ന്ന് കൺക്ഷന്‍ നല്‍കുന്നതിനായുള്ള  എസ്റ്റിമേറ്റതുക(ECSC), കരുതല്‍ നിക്ഷേപം(security deposit) എന്നിവ അടയ്കാന്‍ ആവശ്യപ്പെടുന്നു.
  4. തുടര്‍ന്ന് നിങ്ങളുടെ സര്‍വ്വീസ് കണക്ഷന്‍ അതാത് ഉപഭോക്തൃ വിഭാഗത്തില്‍ രജിസ്റ്റര്‍ചെയത മുന്‍ഗണനാക്രമത്തില്‍ നല്‍കുന്നു.
  5. സര്‍വ്വീസ് കണക്ഷന്‍ നല്‍കുന്നതിന്റെ എതെങ്കിലും ഘട്ടത്തില്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്ന് ബോദ്ധ്യപ്പെട്ടാലോ, വസ്തുതകള്‍ മറച്ച് വെച്ച് തെറ്റിദ്ധരിപ്പിച്ചാലോ സര്‍വ്വീസ് കണക്ഷന്‍ വിച്ഛേദിക്കുന്നതും ഉടമ്പടി റദ്ദാക്കുന്നതും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
  6. അപേക്ഷ നിരസിക്കപ്പെടുകയോ,കണക്ഷന്‍ നല്‍കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ കാര്യകാരണസഹിതം അപേക്ഷകനെ രേഖാമുലം അറിയിക്കുന്നതാണ്.
1.സര്‍വ്വീസ് കണക്ഷന്‍ അപേക്ഷാഫോമിന് താഴെ ക്ലിക്ചെയ്യുക
സര്‍വ്വീസ് കണക്ഷന്‍ അപേക്ഷാഫോം. 
2.വയറിംഗ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് താഴെ ക്ലിക് ചെയ്യുക
വയറിംഗ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്
3.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെ ക്ലിക്ചെയ്യുക
ഓണ്‍ലൈന്‍ അപേക്ഷ 

Sunday, 18 February 2018

MCB(Miniature Circuit Breaker)- ആധുനിക വയറിംഗിലെ സംരക്ഷകന്‍..?

എന്താണ് എം.സി.ബി(മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍)


ആധുനികവയറിംഗില്‍ ഇലക്ട്രിക്ഫ്യൂസിന് പകരക്കാരനായി എത്തിയ ഓട്ടോമാറ്റിക് സിച്ചാണ് എം.സി.ബി. ഒരു ഇലക്ട്രിക് സര്‍ക്യൂട്ടില്‍ ഓവര്‍ലോഡിംഗ് ,ഷോര്‍ട്ട്സര്‍ക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോള്‍ വൈദ്യുതബന്ധം വിച്ഛേദിച്ച് സര്‍ക്യൂട്ടിനെയും അതില്‍ കണക്റ്റഡായ ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം.സിബി ചെയ്യുന്നത്.പ്രസ്തുത തകരാറുകളുണ്ടായാല്‍ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം.സി.ബി ഓണ്‍ചെയ്ത് വൈദ്യുതി പുനസ്ഥാപിക്കാവുന്നതാണ്. സുരക്ഷിതത്വം, പ്രവര്‍ത്തനമികവ്,ഭംഗി,ലാളിത്യം എന്നീഗുണങ്ങളില്‍ ഫ്യൂസിനേക്കാള്‍ മികച്ചുനില്‍ക്കുന്നതിനാല്‍ എംസിബി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

എം.സി.ബി യുടെ ഘടന


ഓവര്‍ലോഡില്‍(ഓവര്‍കറണ്ടില്‍) എം.സി.ബി എങ്ങനെ പ്രവര്‍ത്തിക്കുന്നു?

 വൈദ്യുതസര്‍ക്യൂട്ടില്‍ ഓവര്‍ലോഡുണ്ടാകുമ്പോള്‍ അനുവദനീയഅളവിലും കൂടുതല്‍ കറണ്ട് ഒഴുകുന്നു. ഈ അമിതവൈദ്യുതിപ്രവാഹത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത്  എം.സി.ബി യിലുള്ള ബൈ-മെറ്റല്‍ സ്ടിപ്പിന്റെ പ്രവര്‍ത്തനഫലമായാണ്(തെര്‍മല്‍ ട്രിപ്പിംഗ്). അമിതവൈദ്യുതിയില്‍ ബൈ-മെറ്റല്‍ സ്ടിപ്പ് ചൂടായി വളയുന്നു.തല്‍സമയം ഇതിനോട് ഘടിപ്പിച്ച ലാച്ച് പുറകോട്ട് വലി‍ഞ്ഞ് മൂവിംഗ് കോണ്‍ടാക്റ്റ്   തുറക്കപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. ഓവര്‍ലോഡ് ഉണ്ടായ ഉടനെതന്നെ ട്രിപ്പിംഗ് നടക്കുകയില്ല. പ്രസ്തുത ഓവര്‍ലോഡ് തുടരുകയും അത് സര്‍ക്യൂട്ടിന് ഹാനിവരുന്നരീതിയിലേക്ക് എത്തുമ്പോള്‍ മാത്രമെ ട്രിപ്പിംഗ് നടക്കുകയുള്ളൂ(ടൈം ഡിലെ ട്രിപ്പിംഗ്-ഓവര്‍കറണ്ടിന്റെ തോതനുസരിച്ച് 2സെക്കന്റുമുതല്‍ 2മിനുട്ട് വരെ ).


ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ എം.സി.ബി എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ഉണ്ടാകുന്ന അത്യധിക വൈദ്യുതി പ്രവാഹം സര്‍ക്യൂട്ടിനെയാകെ എരിച്ചുകളയാന്‍ ശേഷിയുള്ളതാണ്.ആയതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുന്ന നിമിഷം തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടേണ്ടതുണ്ട്.ഇതിനായി മാഗ്നറ്റിക് ട്രിപ്പിംഗ് സംവിധാനമാണ് എം.സി.ബിയില്‍ പ്രവര്‍ത്തിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലുണ്ടാകുന്ന അമിതവൈദ്യുതി മാഗ്നറ്റിക് കോയിലിനെ ശക്തമായി കാന്തവല്‍ക്കരിക്കുന്നു. ഈ കാന്തശക്തി ട്രിപ്പിംഗ് ബാറിലുള്ള പ്ലന്ജറിനെ ആകര്‍ഷിക്കുകയും തല്‍ഫലമായി ലാച്ച് പുറകോട്ട് വലിഞ്ഞ് കോണ്ടാക്റ്റ് തുറന്ന് വൈദ്യുതി തല്‍ക്ഷണം(2.5 മി.സെ)വിച്ഛേദിക്കപ്പെടുകയുംചെയ്യുന്നു.






എം.സി.ബി എത്ര തരം?
പ്രധാനമായും എം.സി.ബി യെ മൂന്നായി തിരിച്ചിരിക്കുന്നു.
1.B-ടൈപ്പ് എം.സി.ബി
2.C-ടൈപ്പ് എം.സി.ബി
3.D-ടൈപ്പ് എം.സി.ബി


1.B-ടൈപ്പ് എം.സി.ബി  റേറ്റഡ് കറണ്ടിന്റെ മൂന്ന് മുതല്‍ അഞ്ച് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. സ്വിച്ചിംഗ് സര്‍ജ് കുറഞ്ഞ വീടുവയറിംഗിലും കെട്ടിടംലൈറ്റ് വയറിംഗിലും ഉപയോഗിക്കുന്നു
2.C-ടൈപ്പ് എം.സി.ബി  റേറ്റഡ് കറണ്ടിന്റെ  അഞ്ച്മുതല്‍ പത്ത് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഡക്റ്റീവ് ലോഡുകളുള്ള(ചെറിയ മോട്ടോറുകള്‍) ഇന്‍ഡസ്ട്രിയല്‍ കൊമേര്‍സ്യല്‍ വയറിംഗില്‍ ഉപയോഗിക്കുന്നു.
3.D-ടൈപ്പ് എം.സി.ബി റേറ്റഡ് കറണ്ടിന്റെ  പത്ത് മുതല്‍ ഇരുപത്തിയഞ്ച് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്നഇന്‍ഡക്റ്റീവ് ലോഡുകളുള്ള ഇന്‍ഡസ്ട്രിയല്‍ കൊമേര്‍സ്യല്‍ വയറിംഗില്‍ ഉപയോഗിക്കുന്നു.
എക്സ്-റേ, യു.പി.എസ്,ഇന്‍ഡസ്ടിയല്‍ വയറിഗ്,ഇന്‍ഡസ്ടിയല്‍ വെല്‍ഡിംഗ് എന്നിവയ്കനുയോജ്യം.


ഏതെല്ലാം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എം.സി.ബി തിരഞ്ഞടുക്കുന്നത്?




 1.നോമിനല്‍ കറണ്ട് റേറ്റിംഗ്   ഇത് എം.സി.ബിയുടെ റേറ്റഡ് കറണ്ട് വാല്യു ആണ്. ഈ വാല്യു വയറിംഗിന്റെ കറണ്ട് കാരിയിംഗ് കപ്പാസിറ്റിയേക്കാള്‍ കുറവും മാക്സിമം ഫുള്‍ലോഡ് കറണ്ടിന് തുല്ല്യമോ കൂടുതലോ ആയിരിക്കണം.

2.ബ്രേക്കിംഗ് കപ്പാസിറ്റി(KA-റേറ്റിംഗ്) ഇത് എം.സി.ബിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ട് കറണ്ട് കപ്പാസിറ്റിയാണ്.ഒരു സര്‍ക്യൂട്ടില്‍ ഷോര്‍ട്ട്സര്‍ക്യൂട്ടിലുണ്ടാകുന്ന മാക്സിമംകറണ്ട്(പ്രോസ്പെക്റ്റീവ് കറണ്ട്) താങ്ങാനുള്ള ശേഷി എം.സി.ബിക്ക് ഉണ്ടായിരിക്കണം. ഇത് കിലോ-ആമ്പിയറിലാണ് പ്രസ്താവിക്കുന്നത്.

എം.സി.ബിയുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനായുള്ള വീഡിയോ ക്ലിപ്പ് താഴെ കൊടുത്തിരിക്കുന്നു.







Sunday, 11 February 2018

സോളാര്‍ വൈദ്യുതി വീടുകളില്‍ എങ്ങനെ ഉപയോഗപ്പെടുത്താം..(Solar Power system)



വൈദ്യുതി ആധുനിക ജീവിതത്തിലെ സമസ്ഥ മേഖലകളെയും ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. വീട്ടിലായാലും ജോലിസ്ഥലത്തായാലും നമുക്ക് വൈദ്യുതി കൂടിയേകഴിയൂ.അതുകൊണ്ടുതന്നെ തുടര്‍ച്ചയായ വൈദ്യുതിലഭ്യതയെകുറിച്ച് നമെല്ലാം ചിന്തിച്ച്കൊണ്ടേയിരിക്കുന്നു. കുറഞ്ഞ വൈദ്യുതിയുല്‍പ്പാദനവും കൂടിയ വൈദ്യുതി ഉപഭോഗവും വൈദ്യുതപ്രതിസന്ധി രൂക്ഷമാക്കികെണ്ടിരിക്കുന്ന കാലഘട്ടമാണിത്.ഫോസില്‍ ഇന്ധനങ്ങളുടെ(കല്‍ക്കരി,പെട്രോളിയം) അമിത
ഉപയോഗം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പികുന്നതോടപ്പം വൈദ്യുതോല്‍പ്പാദനചിലവുംവര്‍ദ്ധിപ്പിച്ചുകെണ്ടേയിരിക്കുന്നു.അതുകൊണ്ട്തന്നെ ലോകരാഷ്ട്രങ്ങള്‍ പുനരുല്‍പ്പാദനയോഗ്യമായ ഉൗര്‍ജ്ജസ്രോതസ്സുകള്‍ (കാറ്റ്, സൂര്യപ്രകാശം തുടങ്ങിയവ ) കൂടുതലായി ഉപയോഗിക്കാന്‍ ശ്രമിച്ചു
കൊണ്ടിരിക്കുന്നു.ഇവയില്‍ പ്രഥമഗണനീയം സൗരോര്‍ജ്ജം തന്നെ…

സൗരോര്‍ജ്ജത്തെ നമ്മുടെ വീട്ടില്‍ വൈദ്യുതിലഭ്യതയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം?

സോളാര്‍ ഇന്‍വേര്‍ട്ടറുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ ഭൂരിഭാഗം വൈദ്യുതിയാവശ്യങ്ങള്‍ തടസ്സമില്ലാതെ നിറവേറ്റാനും മിച്ചവൈദ്യുതി ഗ്രിഡിലേക്കയച്ച് വൈദ്യുതബില്ല് കുറയ്കുുവാനും കഴിയും.

സോളാര്‍ പവര്‍ ഇന്‍വേര്‍ട്ടറുകള്‍

ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റം , ഓണ്‍-ഗ്രിഡ്(ഗ്രിഡ്ടൈ)സോളാര്‍ സിസ്റ്റം, ഹൈബ്രിഡ്സോളാര്‍ സിസ്റ്റം എന്നിങ്ങനെ സോളാര്‍ പവര്‍ സിസ്റ്റം മൂന്നായി തിരിച്ചിരിക്കുന്നു.

ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റം



  • വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ (ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍) സൂര്യപ്രകാശത്തെ ഡി.സി വൈദ്യുതിയാക്കിമാറ്റി സോളാര്‍ പവര്‍ ഇന്‍വേര്‍ട്ടറിലേക്ക് അയക്കുന്നു.
  • നമ്മുടെ വൈദ്യുതിഉപകരണങ്ങള്‍ എ.സി വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്.ആയതിനാല്‍ ഈ ഡി.സി വൈദ്യുതി ഇന്‍വെര്‍ട്ടറില്‍ വെച്ച് എ.സി വൈദ്യുതിയായിമാറി മെയിന്‍ പവര്‍ സപ്ലെയില്‍ എത്തുന്നു.ഇവിടെ നിന്നും വൈദ്യുതി ഉപകരണങ്ങള്‍ക്ക് ലഭ്യമാകുന്നു.
  • മെയിന്‍ പവര്‍ സപ്ലെയില്‍ വൈദ്യുതി എത്തിക്കുന്നതോടപ്പം സോളാര്‍ പവര്‍ ഇന്‍വേര്‍ട്ടറുകള്‍ അവയില്‍ കണക്റ്റ്ചെയ്യപ്പട്ടിരിക്കുന്ന സ്റ്റോറേജ് ബാറ്ററി നിയന്ത്രിതമായി ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നു.
  • മേഘാവൃതമായ അന്തരീക്ഷത്തിലും,രാത്രിയിലും സോളാര്‍ പാനലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ ബാറ്ററിയില്‍നിന്നുള്ള ഡിസി വൈദ്യുതി എസി വൈദ്യുതിയാക്കിമാറ്റി മെയ്ന്‍ പവര്‍ സപ്ലെയില്‍ എത്തിച്ച് വൈദ്യുതിലഭ്യത ഉറപ്പുവരുത്തുന്നു.
  • ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റത്തില്‍ സര്‍വ്വീസ് ലൈനില്‍ നിന്നുള്ള വൈദ്യുതി ഒരുഘട്ടത്തിലും ഉപയോഗിക്കപ്പെടുന്നില്ല.
  • വൈദ്യുതിഎത്തിപ്പെടാത്തവിദൂര പ്രദേശങ്ങളില്‍ വളരെ അനുയോജ്യമാണ്.

ഓണ്‍-ഗ്രിഡ്(ഗ്രിഡ്ടൈ)സോളാര്‍ സിസ്റ്റം

  • വിടെ സോളാര്‍പാനലുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡി.സി വൈദ്യുതി എ.സിയാക്കിമാറ്റി നേരിട്ട് മെയിന്‍സപ്ലെയില്‍ എത്തിച്ച് ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലഭ്യമാക്കുന്നു.
  • ഈ സംവിധാനത്തില്‍ ബാറ്ററി ഉപയോഗിക്കുന്നില്ല.ആയതിനാല്‍ മേഘാവൃതമായ അന്തരീക്ഷത്തിലും,രാത്രിയിലും സോളാര്‍ പാനലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സര്‍വ്വീസ് ലൈനില്‍നിന്നുള്ള വൈദ്യുതിയാണ് ഉപകരണങ്ങള്‍ക്ക് ലഭ്യമാകുന്നത്.
  • പകല്‍ ഉപയോഗിക്കാതെ മിച്ചം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക്നെറ്റ് മീറ്ററിംഗ് സംവിധാനംവഴി അയക്കുന്നത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാം. ആയതിനാല്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്ന കരണ്ട് ബില്ല് കുറവായിരിക്കും. (ഗ്രിഡിലേക്ക് അയച്ച വൈദ്യുതിയൂണിറ്റ് കിഴിച്ച് മിച്ചമുള്ള യൂണിറ്റിന് ബില്‍ ചെയ്യുന്നു.).
  • ഈ സംവിധാനത്തില്‍ ശരിക്കും രാത്രിയില്‍ മാത്രമെ സര്‍വ്വീസ് ലൈനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കപ്പെടുകയുള്ളൂ. പകല്‍മുഴുവന്‍ സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്.വൈദ്യുതബില്ല് ഗണ്യമായി കുറയുന്നു.
  • ഈ സംവിധാനത്തില്‍ ബാറ്ററി ഉപയോഗിക്കാത്തതിനാല്‍ മൊത്തം ചിലവു കുറവാണ്.

ഹൈബ്രിഡ് സോളാര്‍ സിസ്റ്റം


  • ഓണ്‍-ഗ്രിഡ്(ഗ്രിഡ്ടൈ)സോളാര്‍ സിസ്റ്റത്തിന്റെയും ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റത്തിന്റെയും സംയുക്തരൂപമാണിത്.
  • ഈ സംവിധാനത്തില്‍ പകല്‍ മുഴുവന്‍ സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്.
  • ഈ സംവിധാനത്തില്‍ രാത്രിയില്‍ ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
  • സര്‍വ്വീസ് ലൈനില്‍നിന്നുള്ള വൈദ്യുതി അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നു.( ബാറ്ററി കൂടുതലായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുക,കൂടുതല്‍ ലോഡ് ഉപയോഗിക്കുക)
  • പകല്‍ മിച്ചവൈദ്യുതി നെറ്റ്മീറ്ററിംഗ് സംവിധാനം ഗ്രിഡിലേക്ക് അയക്കാം
  • വൈദ്യുത ചിലവ് ഗണ്യമായി കുറയ്കാം പക്ഷെ ഇത് സ്ഥാപിക്കാനുള്ള ചിലവ് താരതമ്യേന കൂടുതലാണ്.
സോളാര്‍ ഇന്‍വേര്‍ട്ടറിനെ കുറിച്ച് ഒരു സാമാന്യജ്ഞാനം മാത്രമാണ് ഉദ്ദേശിച്ചത്.KSEB-യില്‍ സോളാര്‍ സംവിധാനം ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെകുറിച്ച് അറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കുക.

കെ.എസ്.ഇ.ബി ലൈനില്‍ സോളാര്‍ സംവിധാനം ഘടിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ 


 നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ഇവയിലേതും തിരഞ്ഞെടുക്കാം..ലാഭമുണ്ടാകും തീര്‍ച്ച… കൂടുതല്‍കാര്യങ്ങള്‍ മനസിലാക്കാന്‍ താഴെയുള്ള വീഡിയോക്ലിപ്പുകള്‍ സഹായിക്കു.