Sunday 24 December 2017

Important factors consider when choose an INVERTER for your home(ഇന്‍വേര്‍ട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്..)



നിങ്ങളുടെ വീട്ടിലേക്ക് ഇന്‍വേര്‍ട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി താഴെകൊടുത്ത കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടണം.
1.വീടുവയറിംഗ് ചെയ്യുമ്പോള്‍  ഇന്‍വെര്‍ട്ടര്‍ ഘടിപ്പിക്കാന്‍ പാകത്തില്‍  ലൈറ്റിംഗ് സര്‍ക്യൂട്ട്, പവര്‍ സര്‍ക്യൂട്ട് എന്നിങ്ങനെ വേര്‍തിരിച്ചാണോ വയറിംഗ് ചെയ്തത്?
2.ഏതെല്ലാം ഉപകരണങ്ങളാണ് ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കേണ്ടത്?
3.നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള ഇന്‍വെര്‍ട്ടറിന്റെ VA റേറ്റിംഗ് എത്രയാണ്?
4.ഇന്‍വെര്‍ട്ടറില്‍ എത്ര കപ്പാസിറ്റിയുള്ള ബാറ്ററിയാണ് അനുയോജ്യമായത്  ?

                        ഈ ചോദ്യങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്യാം...



1.ലൈറ്റുകള്‍, ഫാനുകള്‍, ചാര്‍ജിംഗ് പ്ലഗ് പോയിന്റുകള്‍,ടി.വി, എന്നിവ ഉള്‍പ്പെടുത്തി ലൈറ്റിംഗ് സര്‍ക്യൂട്ടും അയേണ്‍ ബോക്സ്,മിക്സി,വാഷിംഗ് മെഷീന്‍,മോട്ടോര്‍,ഫ്രിഡ്ജ് , പവര്‍ പ്ലഗ്ഗുകള്‍ എന്നിവ ഉള്‍പ്പെടുത്തി പവര്‍ സര്‍ക്യൂട്ടും വയറിംഗ് ചെയ്യുന്നു.സാധാരണ ഗതിയില്‍ കറണ്ട് പോകുമ്പോള്‍ ലൈറ്റിംഗ് സര്‍ക്യൂട്ട് മാത്രമാണ് ഇന്‍വേര്‍ട്ടറില്‍ പ്രവര്‍ത്തിക്കുക.ഇങ്ങനെ വയറിംഗ് ചെയ്തിട്ടില്ലെങ്കില്‍ കറണ്ട് പോകുമ്പോള്‍ വീട്ടിലെ മൊത്തം ഉപകരണങ്ങള്‍ ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും അത് ഓവര്‍ലോഡായി ഓഫാകുകയും ചെയ്യുന്നു.ഇങ്ങനെ സംഭവിക്കുന്നത് ഇന്‍വെര്‍ട്ടറിനെയും ബാറ്ററിയെയും ഒരുപോലെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്.


2.ലൈറ്റിംഗ് സര്‍ക്യൂട്ടില്‍ വരേണ്ട ഉപകരണങ്ങള്‍ കൂടാതെ മറ്റേതങ്കിലും ഉപകരണം ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍  ആദ്യമേ നിശ്ചയിക്കണം.അതിനുള്ള വയറിംഗ് പ്രത്യേകമായി ചെയ്ത് ഇന്‍വേര്‍ട്ടറില്‍ കണക്റ്റ് ചെയ്യാന്‍ സജ്ജമാക്കണം.
3.ഇന്‍വെര്‍ട്ടറിന്റെ VA റേറ്റിംഗ് കണക്കാക്കുന്ന വിധം ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം...

         കറണ്ട് പോകുന്ന സമയത്ത് നിങ്ങളുടെ വീട്ടില്‍ ഒരു മുറിയില്‍ 9വാട്സിന്റെ ഒരു എല്‍.ഇ.ഡി ബള്‍ബും 60വാട്സിന്റെ ഒരു ഫാനും വര്‍ക്ക് ചെയ്യണം.വീട്ടില്‍ മൊത്തം മൂന്ന് മുറികള്‍ ഉണ്ട്. കൂടാതെ സ്വീകരണ മുറിയില്‍ 100 വാട്സിന്റെ ടി.വിയും 60വാട്സിന്റെ ഒരു ഫാനും വര്‍ക്ക് ചെയ്യണം. അടുക്കളയില്‍ 9വാട്സിന്റെ ഒരു എല്‍.ഇ.ഡി ബള്‍ബും,വരാന്തയില്‍ 9വാട്സിന്റെ ഒരു എല്‍.ഇ.ഡി ബള്‍ബും വര്‍ക്ക് ചെയ്യണം. ഇന്‍വെര്‍ട്ടറിന്റെ VA റേറ്റിംഗ് എത്രയായിരിക്കണം?

9വാട്സിന്റെ  എല്‍.ഇ.ഡി ബള്‍ബ് x 6=   54watt
60വാട്സിന്റെ ഫാന്‍ x 4             = 240watt
100 വാട്സിന്റെ ടി.വി x1            = 100watt
                                           394watt
ഒരു ഉപകരണത്തിന്റെ വാട്സിലുള്ള പവര്‍ നിര്‍ണ്ണയിക്കുന്ന മൂന്ന് ഘടകങ്ങളാണ് വോള്‍ട്ടേജ്,കരണ്ട്,പവര്‍ ഫാക്ടര്‍ .വീട്ടുപകരണങ്ങള്‍ക്ക് പവര്‍ ഫാക്ടര്‍ 0.8 ആയിട്ടാണ് കണക്കാക്കുന്നത്. മൊത്തം പവറിനെ പവര്‍ ഫാക്ടര്‍ കൊണ്ട് ഹരിച്ച്
VA റേറ്റിംഗ് കാണാം...
                ഇവിടെ     394/0.8=492.5 VA ആയിരിക്കും..
അതായത് വിപണിയില്‍ ലഭ്യമായ ഇന്‍വേര്‍ട്ടര്‍ ശ്രേണിയില്‍ നിന്നും 600VAയുടെ ഇന്‍വേര്‍ട്ടര്‍ പ്രസ്തുത ആവശ്യത്തിന് നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്.

4.ബാറ്ററി കപ്പാസിറ്റി കണക്കാക്കുന്നത് എങ്ങനെ?


      ബാറ്ററി കപ്പാസിറ്റി  =   വാട്സിലുള്ള പവര്‍ x മണിക്കൂര്‍(ബാക്ക് അപ്പ്)
                                     ബാറ്ററി വോള്‍ട്ടേജ്
  ഇവിടെ വേണ്ടത്.....    =394 watts x 3 Hour
                                  12 volt
                          =98.5 AH ..ആവശ്യമാണ്. 

അതായത് 100 ആമ്പിയര്‍-അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററി ഉപയോഗിച്ചാല്‍ പ്രസ്തുത ഉപകരണങ്ങള്‍ 3 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം...