Sunday 18 February 2018

MCB(Miniature Circuit Breaker)- ആധുനിക വയറിംഗിലെ സംരക്ഷകന്‍..?

എന്താണ് എം.സി.ബി(മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍)


ആധുനികവയറിംഗില്‍ ഇലക്ട്രിക്ഫ്യൂസിന് പകരക്കാരനായി എത്തിയ ഓട്ടോമാറ്റിക് സിച്ചാണ് എം.സി.ബി. ഒരു ഇലക്ട്രിക് സര്‍ക്യൂട്ടില്‍ ഓവര്‍ലോഡിംഗ് ,ഷോര്‍ട്ട്സര്‍ക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോള്‍ വൈദ്യുതബന്ധം വിച്ഛേദിച്ച് സര്‍ക്യൂട്ടിനെയും അതില്‍ കണക്റ്റഡായ ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം.സിബി ചെയ്യുന്നത്.പ്രസ്തുത തകരാറുകളുണ്ടായാല്‍ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം.സി.ബി ഓണ്‍ചെയ്ത് വൈദ്യുതി പുനസ്ഥാപിക്കാവുന്നതാണ്. സുരക്ഷിതത്വം, പ്രവര്‍ത്തനമികവ്,ഭംഗി,ലാളിത്യം എന്നീഗുണങ്ങളില്‍ ഫ്യൂസിനേക്കാള്‍ മികച്ചുനില്‍ക്കുന്നതിനാല്‍ എംസിബി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

എം.സി.ബി യുടെ ഘടന


ഓവര്‍ലോഡില്‍(ഓവര്‍കറണ്ടില്‍) എം.സി.ബി എങ്ങനെ പ്രവര്‍ത്തിക്കുന്നു?

 വൈദ്യുതസര്‍ക്യൂട്ടില്‍ ഓവര്‍ലോഡുണ്ടാകുമ്പോള്‍ അനുവദനീയഅളവിലും കൂടുതല്‍ കറണ്ട് ഒഴുകുന്നു. ഈ അമിതവൈദ്യുതിപ്രവാഹത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത്  എം.സി.ബി യിലുള്ള ബൈ-മെറ്റല്‍ സ്ടിപ്പിന്റെ പ്രവര്‍ത്തനഫലമായാണ്(തെര്‍മല്‍ ട്രിപ്പിംഗ്). അമിതവൈദ്യുതിയില്‍ ബൈ-മെറ്റല്‍ സ്ടിപ്പ് ചൂടായി വളയുന്നു.തല്‍സമയം ഇതിനോട് ഘടിപ്പിച്ച ലാച്ച് പുറകോട്ട് വലി‍ഞ്ഞ് മൂവിംഗ് കോണ്‍ടാക്റ്റ്   തുറക്കപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. ഓവര്‍ലോഡ് ഉണ്ടായ ഉടനെതന്നെ ട്രിപ്പിംഗ് നടക്കുകയില്ല. പ്രസ്തുത ഓവര്‍ലോഡ് തുടരുകയും അത് സര്‍ക്യൂട്ടിന് ഹാനിവരുന്നരീതിയിലേക്ക് എത്തുമ്പോള്‍ മാത്രമെ ട്രിപ്പിംഗ് നടക്കുകയുള്ളൂ(ടൈം ഡിലെ ട്രിപ്പിംഗ്-ഓവര്‍കറണ്ടിന്റെ തോതനുസരിച്ച് 2സെക്കന്റുമുതല്‍ 2മിനുട്ട് വരെ ).


ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ എം.സി.ബി എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ഉണ്ടാകുന്ന അത്യധിക വൈദ്യുതി പ്രവാഹം സര്‍ക്യൂട്ടിനെയാകെ എരിച്ചുകളയാന്‍ ശേഷിയുള്ളതാണ്.ആയതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുന്ന നിമിഷം തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടേണ്ടതുണ്ട്.ഇതിനായി മാഗ്നറ്റിക് ട്രിപ്പിംഗ് സംവിധാനമാണ് എം.സി.ബിയില്‍ പ്രവര്‍ത്തിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലുണ്ടാകുന്ന അമിതവൈദ്യുതി മാഗ്നറ്റിക് കോയിലിനെ ശക്തമായി കാന്തവല്‍ക്കരിക്കുന്നു. ഈ കാന്തശക്തി ട്രിപ്പിംഗ് ബാറിലുള്ള പ്ലന്ജറിനെ ആകര്‍ഷിക്കുകയും തല്‍ഫലമായി ലാച്ച് പുറകോട്ട് വലിഞ്ഞ് കോണ്ടാക്റ്റ് തുറന്ന് വൈദ്യുതി തല്‍ക്ഷണം(2.5 മി.സെ)വിച്ഛേദിക്കപ്പെടുകയുംചെയ്യുന്നു.






എം.സി.ബി എത്ര തരം?
പ്രധാനമായും എം.സി.ബി യെ മൂന്നായി തിരിച്ചിരിക്കുന്നു.
1.B-ടൈപ്പ് എം.സി.ബി
2.C-ടൈപ്പ് എം.സി.ബി
3.D-ടൈപ്പ് എം.സി.ബി


1.B-ടൈപ്പ് എം.സി.ബി  റേറ്റഡ് കറണ്ടിന്റെ മൂന്ന് മുതല്‍ അഞ്ച് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. സ്വിച്ചിംഗ് സര്‍ജ് കുറഞ്ഞ വീടുവയറിംഗിലും കെട്ടിടംലൈറ്റ് വയറിംഗിലും ഉപയോഗിക്കുന്നു
2.C-ടൈപ്പ് എം.സി.ബി  റേറ്റഡ് കറണ്ടിന്റെ  അഞ്ച്മുതല്‍ പത്ത് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഡക്റ്റീവ് ലോഡുകളുള്ള(ചെറിയ മോട്ടോറുകള്‍) ഇന്‍ഡസ്ട്രിയല്‍ കൊമേര്‍സ്യല്‍ വയറിംഗില്‍ ഉപയോഗിക്കുന്നു.
3.D-ടൈപ്പ് എം.സി.ബി റേറ്റഡ് കറണ്ടിന്റെ  പത്ത് മുതല്‍ ഇരുപത്തിയഞ്ച് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്നഇന്‍ഡക്റ്റീവ് ലോഡുകളുള്ള ഇന്‍ഡസ്ട്രിയല്‍ കൊമേര്‍സ്യല്‍ വയറിംഗില്‍ ഉപയോഗിക്കുന്നു.
എക്സ്-റേ, യു.പി.എസ്,ഇന്‍ഡസ്ടിയല്‍ വയറിഗ്,ഇന്‍ഡസ്ടിയല്‍ വെല്‍ഡിംഗ് എന്നിവയ്കനുയോജ്യം.


ഏതെല്ലാം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എം.സി.ബി തിരഞ്ഞടുക്കുന്നത്?




 1.നോമിനല്‍ കറണ്ട് റേറ്റിംഗ്   ഇത് എം.സി.ബിയുടെ റേറ്റഡ് കറണ്ട് വാല്യു ആണ്. ഈ വാല്യു വയറിംഗിന്റെ കറണ്ട് കാരിയിംഗ് കപ്പാസിറ്റിയേക്കാള്‍ കുറവും മാക്സിമം ഫുള്‍ലോഡ് കറണ്ടിന് തുല്ല്യമോ കൂടുതലോ ആയിരിക്കണം.

2.ബ്രേക്കിംഗ് കപ്പാസിറ്റി(KA-റേറ്റിംഗ്) ഇത് എം.സി.ബിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ട് കറണ്ട് കപ്പാസിറ്റിയാണ്.ഒരു സര്‍ക്യൂട്ടില്‍ ഷോര്‍ട്ട്സര്‍ക്യൂട്ടിലുണ്ടാകുന്ന മാക്സിമംകറണ്ട്(പ്രോസ്പെക്റ്റീവ് കറണ്ട്) താങ്ങാനുള്ള ശേഷി എം.സി.ബിക്ക് ഉണ്ടായിരിക്കണം. ഇത് കിലോ-ആമ്പിയറിലാണ് പ്രസ്താവിക്കുന്നത്.

എം.സി.ബിയുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനായുള്ള വീഡിയോ ക്ലിപ്പ് താഴെ കൊടുത്തിരിക്കുന്നു.







2 comments: