Friday, 20 July 2018

കെ.എസ്.ഇ.ബി-പുതിയ വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും..




നടപടിക്രമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍
  1. വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട കെട്ടിടത്തിന്റെ/സ്ഥലത്തിന്റെ ഉടമസ്ഥനോ നിയമപരമായ കൈവശക്കാരനോ പ്രസ്തുത സ്ഥലത്ത് വൈദ്യുതികണക്ഷന് അപേക്ഷിക്കാവുന്നതാണ്. 
  2. അപേക്ഷ നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ പൂരിപ്പിച്ച് നല്‍കാവുന്നതാണ്.അപേക്ഷാഫോം നിശ്ചിത തുക(Rs.10/-) നല്‍കി കെ.എസ്.ഇ.ബി ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്.കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ (www.kseb.in) നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അപേക്ഷാഫോമും ഉപയോഗിക്കാവുന്നതാണ്.
  3.  കണക്ഷന്‍ ലഭിക്കേണ്ട കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശത്തെ സെക്ഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. kseb യുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന(www.pg.kseb.in) ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്.
  4. അപേക്ഷന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
  5. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി പവര്‍ലൈന്‍, ഭൂഗര്‍ഭകേബിള്‍, വെതര്‍പ്രൂഫ് കേബിള്‍ ഇവയിലേതെങ്കിലും മറ്റ് പുരയിടങ്ങളിലൂടെ കടന്ന്പോകണമെങ്കില്‍ സ്ഥലമുടമയുടെ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തുകയും അനുമതി അപേക്ഷയില്‍ രേഖപ്പെടുത്തി(ഒപ്പ്) വാങ്ങേണ്ടതുമാണ്.
  6. അപേക്ഷകന് സൗകര്യപ്രദമായ ദിവസം സ്ഥലപരിശോധന നടത്തുന്നതിന് അപേക്ഷയിലെ നിര്‍ദ്ദിഷ്ട കളത്തില്‍ ദിവസം രേഖപ്പെടുത്തേണ്ടതാണ്.(ആവശ്യമെങ്കില്‍ മാത്രം). ഇതിനായി അധികചാര്‍ജ്ജ്(റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത്) അടയ്കേണ്ടതാണ്.
  7. എസ്.സി/എസ്.റ്റി,ബി,പി,എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇളവ് അനുവദിച്ചുകിട്ടാന്‍  ആവശ്യമായരേഖകള്‍ അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.
സര്‍വ്വീസ് കണക്ഷന്‍ അപേക്ഷയോടപ്പം ഹാജരാക്കേണ്ട രേഖകള്‍
  1. തിരിച്ചറിയല്‍ രേഖ(വോട്ടേഴ്സ് എൈഡി കാര്‍ഡ്,പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്,റേഷന്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്,ആധാര്‍ , എന്‍.പി.ആര്‍ കാര്‍ഡ്, ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/ ഏതെങ്കിലും ഗവണ്‍മെന്റ് ഏജന്‍സി നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്)
  2. സ്ഥലം/കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ/കൈവശാവകാശം തെളിയിക്കുന്ന രേഖ.
  • അസ്സല്‍ പ്രമാണത്തിന്റെ /വാടകക്കരാറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  • കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ നല്‍കുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്.
  • വസ്തുവിന് വില്ലേജ് ഓഫീസ് /റവന്യൂ അധികാരികള്‍ നല്‍കുന്ന കൈവശ സര്‍ട്ടിഫിക്കറ്റ്.
  • വ്യവസായ പാര്‍ക്കുകള്‍ /എസ്റ്റേറ്റുകള്‍ എന്നിവയ്ക്ക് അതാത് അധികാരികള്‍ അനുവദിച്ച് നല്‍കിയ കത്ത്.
3.മറ്റ് രേഖകള്‍
  • പുഞ്ച/കോള്‍ നിലങ്ങളിലെ കാര്‍ഷിക കണക്ഷന്  കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനുവാദപത്രം.
  • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്,കുളം,കിണര്‍ എന്നിവയില്‍ നിന്ന് വെള്ളം പമ്പുചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള നിരാക്ഷേപപത്രം(No Objection Certificate)
നിബന്ധനകള്‍
  1. വയറിംഗ് സാമഗ്രികള്‍  BIS(ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം.
  2. മീറ്റര്‍ ബോര്‍ഡ് ലൈസന്‍സിക്ക്(kseb)ക്ക് അനുയോജ്യവും (റീഡിംഗിന്) സുരക്ഷിതവുമായ സ്ഥാനത്താണ് സ്ഥാപിക്കേണ്ടത്.
  3. വയറിംഗില്‍ ELCB(എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) നിര്‍ബന്ധമായും ഘടിപ്പിക്കണം.
  4. വയറിംഗിന് അംഗീകൃത വയര്‍മാന്‍/സൂപ്പര്‍വൈസര്‍/കോണ്‍ട്രാക്റ്റര്‍ എന്നിവരുടെ ഒപ്പോടുകൂടിയ പരിശോധനപൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്(wiring completion certificate)ഉടമസ്ഥന്‍ സൂക്ഷിക്കേണ്ടതാണ്.ഇതിന്റെ പകര്‍പ്പ് അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങിനെ? 
  1. പൂരിപ്പിച്ച അപേക്ഷ ,കെട്ടിടഉടസ്ഥാവകാശരേഖ, വസ്തുകൈവശാവകാശരേഖ,തിരിച്ചറിയല്‍ രേഖ,കെട്ടിടം സ്ഥലഅളവുകള്‍ വയറിംഗ് എന്നിവ അടയാളപ്പെടുത്തിയ രേഖാചിത്രം,വയറിംഗ് പരിശോധനാപൂര്‍ത്തീകരണ രേഖ,മറ്റ് രേഖകള്‍(ആവശ്യമെങ്കില്‍ മാത്രം),200രൂപയുടെ സ്പെഷ്യല്‍ അഡ്ഹസീവ് സ്റ്റാമ്പ് സഹിതം നിങ്ങളുടെ സെക്ഷന്‍ ഓഫീസിലെത്തി 50രൂപ അപേക്ഷാഫീസടച്ച് സമര്‍പ്പിക്കാവുന്നതാണ്.
  2. തുടര്‍ന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ നിങ്ങളുടെ കെട്ടിടവും വയറിംഗും,അപേക്ഷയും പരിശോധിക്കുകയും എ‍ന്തെങ്കിലും ന്യുനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുന്നതുമാണ്.
  3. തുടര്‍ന്ന് കൺക്ഷന്‍ നല്‍കുന്നതിനായുള്ള  എസ്റ്റിമേറ്റതുക(ECSC), കരുതല്‍ നിക്ഷേപം(security deposit) എന്നിവ അടയ്കാന്‍ ആവശ്യപ്പെടുന്നു.
  4. തുടര്‍ന്ന് നിങ്ങളുടെ സര്‍വ്വീസ് കണക്ഷന്‍ അതാത് ഉപഭോക്തൃ വിഭാഗത്തില്‍ രജിസ്റ്റര്‍ചെയത മുന്‍ഗണനാക്രമത്തില്‍ നല്‍കുന്നു.
  5. സര്‍വ്വീസ് കണക്ഷന്‍ നല്‍കുന്നതിന്റെ എതെങ്കിലും ഘട്ടത്തില്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്ന് ബോദ്ധ്യപ്പെട്ടാലോ, വസ്തുതകള്‍ മറച്ച് വെച്ച് തെറ്റിദ്ധരിപ്പിച്ചാലോ സര്‍വ്വീസ് കണക്ഷന്‍ വിച്ഛേദിക്കുന്നതും ഉടമ്പടി റദ്ദാക്കുന്നതും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
  6. അപേക്ഷ നിരസിക്കപ്പെടുകയോ,കണക്ഷന്‍ നല്‍കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ കാര്യകാരണസഹിതം അപേക്ഷകനെ രേഖാമുലം അറിയിക്കുന്നതാണ്.
1.സര്‍വ്വീസ് കണക്ഷന്‍ അപേക്ഷാഫോമിന് താഴെ ക്ലിക്ചെയ്യുക
സര്‍വ്വീസ് കണക്ഷന്‍ അപേക്ഷാഫോം. 
2.വയറിംഗ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് താഴെ ക്ലിക് ചെയ്യുക
വയറിംഗ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്
3.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെ ക്ലിക്ചെയ്യുക
ഓണ്‍ലൈന്‍ അപേക്ഷ 

2 comments:

  1. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്ക് കൂടി നൽകിയാൽ കൂടുതൽ സൗകര്യമായേനെ.

    വയറിംഗ് പൂർത്തീകരണ സർട്ടിഫിക്കറ്റ് ഓഫീസിൽ നൽകേണ്ടതില്ലാത്തതിനാലും അത് അപേക്ഷകനല്ല തയ്യാറാക്കേണ്ടത് എന്നതിനാലും അതിന്റെ ലിങ്ക് നിർബന്ധമല്ല.

    ReplyDelete
    Replies
    1. ഓണ്‍ലൈന്‍ അപേക്ഷ ലിങ്ക് ഉള്‍പെടുത്തിയിട്ടുണ്ട്.നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി..

      Delete