Sunday 22 July 2018

കെ.എസ്.ഇ.ബി കസ്റ്റമര്‍കെയര്‍ സേവനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം...?

കെ.എസ്.ഇ.ബി കസ്റ്റമര്‍കെയര്‍ സേവനങ്ങള്‍ 

അടിയന്തിരഘട്ടങ്ങളില്‍ കെ.എസ്.ഇ.ബിയിലേക്ക് ഫോണ്‍വിളിച്ചാല്‍ കിട്ടില്ല എന്നത് മിക്കവരുടെയും പരാതിയാണ്. ധാരാളം പേര്‍ ഒരേ സമയം ഫോണ്‍ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റും നിങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍കെയറുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം തേടാവുന്നതാണ്.
എങ്ങിനെയൊക്കെ കസ്റ്റമര്‍കെയറില്‍ പരാതിരേഖപ്പെടുത്താ..?
 
1912(ടോള്‍ഫ്രീ നമ്പര്‍) മുഖേന 'വൈദ്യുതി ഇല്ല (No Power)' എന്ന പരാതി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്ന വിധം
ഒരു ഫോൺ നമ്പറിൽ നിന്ന് ആദ്യമായി പരാതി രജിസ്റ്റർ ചെയ്യുന്നതിന്
1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. 13 അക്ക കൺസ്യൂമർ നമ്പർ രേഖപ്പെടുത്തുക.വീണ്ടും 11 ഡയൽ ചെയ്യുന്നതോടെ പരാതി രജിസ്റ്റർ ആവുന്നു.
ഒരു ഫോൺ നമ്പറിൽ നിന്ന് ഏറ്റവും ഒടുവിൽ IVRS മുഖേന പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ വീണ്ടും പരാതി രജിസ്റ്റർ ചെയ്യാൻ
1912 ഡയൽ ചെയ്യുക. ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. കൺസ്യൂമർ നമ്പർ കേൾക്കുക. വീണ്ടും 11 ഡയൽ ചെയ്യുക.
ഒരു ഫോൺ നമ്പറിൽ നിന്ന് അവസാനം പരാതി രജിസ്റ്റർ ചെയ്ത കൺസ്യൂമർ നമ്പറിൽ നിന്ന് വ്യത്യസ്‌തമായി മറ്റൊരു കൺസ്യൂമർ നമ്പറിന്റെ പരാതി രജിസ്റ്റർ ചെയ്യാൻ
1912 ഡയൽ ചെയ്യുക.ശബ്ദസന്ദേശം കേട്ടുതുടങ്ങുമ്പോൾ 11 ഡയൽ ചെയ്യുക. കൺസ്യൂമർ നമ്പർ കേൾക്കുക. 0 ഡയൽ ചെയ്ത് പുതിയ കൺസ്യൂമർ നമ്പർ ഡയൽ ചെയ്യുക. ശേഷം 11 ഡയൽ ചെയ്യുക.


പരാതികൾ WhatsApp ലൂടെയും

പരാതികൾ WhatsApp ലൂടെ 9496001912 എന്ന നമ്പർ വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ ചെയ്തോ SMS ലൂടെയോ ഈ നമ്പറിൽ പരാതികൾ സ്വീകരിക്കില്ല.
1912 ൽ നിന്നു ലഭിക്കുന്ന സേവനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടേണ്ട നമ്പർ :
കാള്‍സെന്റര്‍ മാനേജര്‍ :9496012400
വൈദ്യുതി സംബന്ധമായ അപകടങ്ങളും മറ്റു അടിയന്തിര സാഹചര്യങ്ങളും അറിയിക്കുന്നതിന് 9496061061എന്ന പ്രത്യേക എമർജൻസി നമ്പറിലേക്ക് വിളിക്കാവുന്നതാണ് 


കാള്‍ സെന്റര്‍ :1912 (ടോൾ ഫ്രീ)
                       OR
0471-2555544 (കേരളത്തിനു പുറത്തുനിന്നും)
കസ്റ്റമർ കെയർ അസിസ്റ്റന്റുമായി സംസാരിക്കുന്നതിന്
1912 ഡയൽ ചെയ്യുക. ശബ്ദലേഖനം ചെയ്ത സന്ദേശം കേട്ടുതുടങ്ങുമ്പോൾ 19 ഡയൽ ചെയ്യുക

wss.kseb.in എന്ന വെബ് സൈറ്റ് വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Friday 20 July 2018

കെ.എസ്.ഇ.ബി-പുതിയ വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും..




നടപടിക്രമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍
  1. വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട കെട്ടിടത്തിന്റെ/സ്ഥലത്തിന്റെ ഉടമസ്ഥനോ നിയമപരമായ കൈവശക്കാരനോ പ്രസ്തുത സ്ഥലത്ത് വൈദ്യുതികണക്ഷന് അപേക്ഷിക്കാവുന്നതാണ്. 
  2. അപേക്ഷ നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ പൂരിപ്പിച്ച് നല്‍കാവുന്നതാണ്.അപേക്ഷാഫോം നിശ്ചിത തുക(Rs.10/-) നല്‍കി കെ.എസ്.ഇ.ബി ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്.കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ (www.kseb.in) നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അപേക്ഷാഫോമും ഉപയോഗിക്കാവുന്നതാണ്.
  3.  കണക്ഷന്‍ ലഭിക്കേണ്ട കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശത്തെ സെക്ഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. kseb യുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന(www.pg.kseb.in) ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്.
  4. അപേക്ഷന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
  5. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി പവര്‍ലൈന്‍, ഭൂഗര്‍ഭകേബിള്‍, വെതര്‍പ്രൂഫ് കേബിള്‍ ഇവയിലേതെങ്കിലും മറ്റ് പുരയിടങ്ങളിലൂടെ കടന്ന്പോകണമെങ്കില്‍ സ്ഥലമുടമയുടെ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തുകയും അനുമതി അപേക്ഷയില്‍ രേഖപ്പെടുത്തി(ഒപ്പ്) വാങ്ങേണ്ടതുമാണ്.
  6. അപേക്ഷകന് സൗകര്യപ്രദമായ ദിവസം സ്ഥലപരിശോധന നടത്തുന്നതിന് അപേക്ഷയിലെ നിര്‍ദ്ദിഷ്ട കളത്തില്‍ ദിവസം രേഖപ്പെടുത്തേണ്ടതാണ്.(ആവശ്യമെങ്കില്‍ മാത്രം). ഇതിനായി അധികചാര്‍ജ്ജ്(റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത്) അടയ്കേണ്ടതാണ്.
  7. എസ്.സി/എസ്.റ്റി,ബി,പി,എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇളവ് അനുവദിച്ചുകിട്ടാന്‍  ആവശ്യമായരേഖകള്‍ അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.
സര്‍വ്വീസ് കണക്ഷന്‍ അപേക്ഷയോടപ്പം ഹാജരാക്കേണ്ട രേഖകള്‍
  1. തിരിച്ചറിയല്‍ രേഖ(വോട്ടേഴ്സ് എൈഡി കാര്‍ഡ്,പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്,റേഷന്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്,ആധാര്‍ , എന്‍.പി.ആര്‍ കാര്‍ഡ്, ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/ ഏതെങ്കിലും ഗവണ്‍മെന്റ് ഏജന്‍സി നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്)
  2. സ്ഥലം/കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ/കൈവശാവകാശം തെളിയിക്കുന്ന രേഖ.
  • അസ്സല്‍ പ്രമാണത്തിന്റെ /വാടകക്കരാറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  • കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ നല്‍കുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്.
  • വസ്തുവിന് വില്ലേജ് ഓഫീസ് /റവന്യൂ അധികാരികള്‍ നല്‍കുന്ന കൈവശ സര്‍ട്ടിഫിക്കറ്റ്.
  • വ്യവസായ പാര്‍ക്കുകള്‍ /എസ്റ്റേറ്റുകള്‍ എന്നിവയ്ക്ക് അതാത് അധികാരികള്‍ അനുവദിച്ച് നല്‍കിയ കത്ത്.
3.മറ്റ് രേഖകള്‍
  • പുഞ്ച/കോള്‍ നിലങ്ങളിലെ കാര്‍ഷിക കണക്ഷന്  കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനുവാദപത്രം.
  • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്,കുളം,കിണര്‍ എന്നിവയില്‍ നിന്ന് വെള്ളം പമ്പുചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള നിരാക്ഷേപപത്രം(No Objection Certificate)
നിബന്ധനകള്‍
  1. വയറിംഗ് സാമഗ്രികള്‍  BIS(ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം.
  2. മീറ്റര്‍ ബോര്‍ഡ് ലൈസന്‍സിക്ക്(kseb)ക്ക് അനുയോജ്യവും (റീഡിംഗിന്) സുരക്ഷിതവുമായ സ്ഥാനത്താണ് സ്ഥാപിക്കേണ്ടത്.
  3. വയറിംഗില്‍ ELCB(എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) നിര്‍ബന്ധമായും ഘടിപ്പിക്കണം.
  4. വയറിംഗിന് അംഗീകൃത വയര്‍മാന്‍/സൂപ്പര്‍വൈസര്‍/കോണ്‍ട്രാക്റ്റര്‍ എന്നിവരുടെ ഒപ്പോടുകൂടിയ പരിശോധനപൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ്(wiring completion certificate)ഉടമസ്ഥന്‍ സൂക്ഷിക്കേണ്ടതാണ്.ഇതിന്റെ പകര്‍പ്പ് അപേക്ഷയോടപ്പം ഹാജരാക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങിനെ? 
  1. പൂരിപ്പിച്ച അപേക്ഷ ,കെട്ടിടഉടസ്ഥാവകാശരേഖ, വസ്തുകൈവശാവകാശരേഖ,തിരിച്ചറിയല്‍ രേഖ,കെട്ടിടം സ്ഥലഅളവുകള്‍ വയറിംഗ് എന്നിവ അടയാളപ്പെടുത്തിയ രേഖാചിത്രം,വയറിംഗ് പരിശോധനാപൂര്‍ത്തീകരണ രേഖ,മറ്റ് രേഖകള്‍(ആവശ്യമെങ്കില്‍ മാത്രം),200രൂപയുടെ സ്പെഷ്യല്‍ അഡ്ഹസീവ് സ്റ്റാമ്പ് സഹിതം നിങ്ങളുടെ സെക്ഷന്‍ ഓഫീസിലെത്തി 50രൂപ അപേക്ഷാഫീസടച്ച് സമര്‍പ്പിക്കാവുന്നതാണ്.
  2. തുടര്‍ന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ നിങ്ങളുടെ കെട്ടിടവും വയറിംഗും,അപേക്ഷയും പരിശോധിക്കുകയും എ‍ന്തെങ്കിലും ന്യുനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുന്നതുമാണ്.
  3. തുടര്‍ന്ന് കൺക്ഷന്‍ നല്‍കുന്നതിനായുള്ള  എസ്റ്റിമേറ്റതുക(ECSC), കരുതല്‍ നിക്ഷേപം(security deposit) എന്നിവ അടയ്കാന്‍ ആവശ്യപ്പെടുന്നു.
  4. തുടര്‍ന്ന് നിങ്ങളുടെ സര്‍വ്വീസ് കണക്ഷന്‍ അതാത് ഉപഭോക്തൃ വിഭാഗത്തില്‍ രജിസ്റ്റര്‍ചെയത മുന്‍ഗണനാക്രമത്തില്‍ നല്‍കുന്നു.
  5. സര്‍വ്വീസ് കണക്ഷന്‍ നല്‍കുന്നതിന്റെ എതെങ്കിലും ഘട്ടത്തില്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്ന് ബോദ്ധ്യപ്പെട്ടാലോ, വസ്തുതകള്‍ മറച്ച് വെച്ച് തെറ്റിദ്ധരിപ്പിച്ചാലോ സര്‍വ്വീസ് കണക്ഷന്‍ വിച്ഛേദിക്കുന്നതും ഉടമ്പടി റദ്ദാക്കുന്നതും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
  6. അപേക്ഷ നിരസിക്കപ്പെടുകയോ,കണക്ഷന്‍ നല്‍കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ കാര്യകാരണസഹിതം അപേക്ഷകനെ രേഖാമുലം അറിയിക്കുന്നതാണ്.
1.സര്‍വ്വീസ് കണക്ഷന്‍ അപേക്ഷാഫോമിന് താഴെ ക്ലിക്ചെയ്യുക
സര്‍വ്വീസ് കണക്ഷന്‍ അപേക്ഷാഫോം. 
2.വയറിംഗ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് താഴെ ക്ലിക് ചെയ്യുക
വയറിംഗ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്
3.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെ ക്ലിക്ചെയ്യുക
ഓണ്‍ലൈന്‍ അപേക്ഷ 

Sunday 18 February 2018

MCB(Miniature Circuit Breaker)- ആധുനിക വയറിംഗിലെ സംരക്ഷകന്‍..?

എന്താണ് എം.സി.ബി(മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍)


ആധുനികവയറിംഗില്‍ ഇലക്ട്രിക്ഫ്യൂസിന് പകരക്കാരനായി എത്തിയ ഓട്ടോമാറ്റിക് സിച്ചാണ് എം.സി.ബി. ഒരു ഇലക്ട്രിക് സര്‍ക്യൂട്ടില്‍ ഓവര്‍ലോഡിംഗ് ,ഷോര്‍ട്ട്സര്‍ക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോള്‍ വൈദ്യുതബന്ധം വിച്ഛേദിച്ച് സര്‍ക്യൂട്ടിനെയും അതില്‍ കണക്റ്റഡായ ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം.സിബി ചെയ്യുന്നത്.പ്രസ്തുത തകരാറുകളുണ്ടായാല്‍ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം.സി.ബി ഓണ്‍ചെയ്ത് വൈദ്യുതി പുനസ്ഥാപിക്കാവുന്നതാണ്. സുരക്ഷിതത്വം, പ്രവര്‍ത്തനമികവ്,ഭംഗി,ലാളിത്യം എന്നീഗുണങ്ങളില്‍ ഫ്യൂസിനേക്കാള്‍ മികച്ചുനില്‍ക്കുന്നതിനാല്‍ എംസിബി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

എം.സി.ബി യുടെ ഘടന


ഓവര്‍ലോഡില്‍(ഓവര്‍കറണ്ടില്‍) എം.സി.ബി എങ്ങനെ പ്രവര്‍ത്തിക്കുന്നു?

 വൈദ്യുതസര്‍ക്യൂട്ടില്‍ ഓവര്‍ലോഡുണ്ടാകുമ്പോള്‍ അനുവദനീയഅളവിലും കൂടുതല്‍ കറണ്ട് ഒഴുകുന്നു. ഈ അമിതവൈദ്യുതിപ്രവാഹത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത്  എം.സി.ബി യിലുള്ള ബൈ-മെറ്റല്‍ സ്ടിപ്പിന്റെ പ്രവര്‍ത്തനഫലമായാണ്(തെര്‍മല്‍ ട്രിപ്പിംഗ്). അമിതവൈദ്യുതിയില്‍ ബൈ-മെറ്റല്‍ സ്ടിപ്പ് ചൂടായി വളയുന്നു.തല്‍സമയം ഇതിനോട് ഘടിപ്പിച്ച ലാച്ച് പുറകോട്ട് വലി‍ഞ്ഞ് മൂവിംഗ് കോണ്‍ടാക്റ്റ്   തുറക്കപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. ഓവര്‍ലോഡ് ഉണ്ടായ ഉടനെതന്നെ ട്രിപ്പിംഗ് നടക്കുകയില്ല. പ്രസ്തുത ഓവര്‍ലോഡ് തുടരുകയും അത് സര്‍ക്യൂട്ടിന് ഹാനിവരുന്നരീതിയിലേക്ക് എത്തുമ്പോള്‍ മാത്രമെ ട്രിപ്പിംഗ് നടക്കുകയുള്ളൂ(ടൈം ഡിലെ ട്രിപ്പിംഗ്-ഓവര്‍കറണ്ടിന്റെ തോതനുസരിച്ച് 2സെക്കന്റുമുതല്‍ 2മിനുട്ട് വരെ ).


ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ എം.സി.ബി എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ഉണ്ടാകുന്ന അത്യധിക വൈദ്യുതി പ്രവാഹം സര്‍ക്യൂട്ടിനെയാകെ എരിച്ചുകളയാന്‍ ശേഷിയുള്ളതാണ്.ആയതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുന്ന നിമിഷം തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടേണ്ടതുണ്ട്.ഇതിനായി മാഗ്നറ്റിക് ട്രിപ്പിംഗ് സംവിധാനമാണ് എം.സി.ബിയില്‍ പ്രവര്‍ത്തിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലുണ്ടാകുന്ന അമിതവൈദ്യുതി മാഗ്നറ്റിക് കോയിലിനെ ശക്തമായി കാന്തവല്‍ക്കരിക്കുന്നു. ഈ കാന്തശക്തി ട്രിപ്പിംഗ് ബാറിലുള്ള പ്ലന്ജറിനെ ആകര്‍ഷിക്കുകയും തല്‍ഫലമായി ലാച്ച് പുറകോട്ട് വലിഞ്ഞ് കോണ്ടാക്റ്റ് തുറന്ന് വൈദ്യുതി തല്‍ക്ഷണം(2.5 മി.സെ)വിച്ഛേദിക്കപ്പെടുകയുംചെയ്യുന്നു.






എം.സി.ബി എത്ര തരം?
പ്രധാനമായും എം.സി.ബി യെ മൂന്നായി തിരിച്ചിരിക്കുന്നു.
1.B-ടൈപ്പ് എം.സി.ബി
2.C-ടൈപ്പ് എം.സി.ബി
3.D-ടൈപ്പ് എം.സി.ബി


1.B-ടൈപ്പ് എം.സി.ബി  റേറ്റഡ് കറണ്ടിന്റെ മൂന്ന് മുതല്‍ അഞ്ച് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. സ്വിച്ചിംഗ് സര്‍ജ് കുറഞ്ഞ വീടുവയറിംഗിലും കെട്ടിടംലൈറ്റ് വയറിംഗിലും ഉപയോഗിക്കുന്നു
2.C-ടൈപ്പ് എം.സി.ബി  റേറ്റഡ് കറണ്ടിന്റെ  അഞ്ച്മുതല്‍ പത്ത് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഡക്റ്റീവ് ലോഡുകളുള്ള(ചെറിയ മോട്ടോറുകള്‍) ഇന്‍ഡസ്ട്രിയല്‍ കൊമേര്‍സ്യല്‍ വയറിംഗില്‍ ഉപയോഗിക്കുന്നു.
3.D-ടൈപ്പ് എം.സി.ബി റേറ്റഡ് കറണ്ടിന്റെ  പത്ത് മുതല്‍ ഇരുപത്തിയഞ്ച് മടങ്ങുവരെയുള്ള ഓവര്‍കറണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്നഇന്‍ഡക്റ്റീവ് ലോഡുകളുള്ള ഇന്‍ഡസ്ട്രിയല്‍ കൊമേര്‍സ്യല്‍ വയറിംഗില്‍ ഉപയോഗിക്കുന്നു.
എക്സ്-റേ, യു.പി.എസ്,ഇന്‍ഡസ്ടിയല്‍ വയറിഗ്,ഇന്‍ഡസ്ടിയല്‍ വെല്‍ഡിംഗ് എന്നിവയ്കനുയോജ്യം.


ഏതെല്ലാം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എം.സി.ബി തിരഞ്ഞടുക്കുന്നത്?




 1.നോമിനല്‍ കറണ്ട് റേറ്റിംഗ്   ഇത് എം.സി.ബിയുടെ റേറ്റഡ് കറണ്ട് വാല്യു ആണ്. ഈ വാല്യു വയറിംഗിന്റെ കറണ്ട് കാരിയിംഗ് കപ്പാസിറ്റിയേക്കാള്‍ കുറവും മാക്സിമം ഫുള്‍ലോഡ് കറണ്ടിന് തുല്ല്യമോ കൂടുതലോ ആയിരിക്കണം.

2.ബ്രേക്കിംഗ് കപ്പാസിറ്റി(KA-റേറ്റിംഗ്) ഇത് എം.സി.ബിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ട് കറണ്ട് കപ്പാസിറ്റിയാണ്.ഒരു സര്‍ക്യൂട്ടില്‍ ഷോര്‍ട്ട്സര്‍ക്യൂട്ടിലുണ്ടാകുന്ന മാക്സിമംകറണ്ട്(പ്രോസ്പെക്റ്റീവ് കറണ്ട്) താങ്ങാനുള്ള ശേഷി എം.സി.ബിക്ക് ഉണ്ടായിരിക്കണം. ഇത് കിലോ-ആമ്പിയറിലാണ് പ്രസ്താവിക്കുന്നത്.

എം.സി.ബിയുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനായുള്ള വീഡിയോ ക്ലിപ്പ് താഴെ കൊടുത്തിരിക്കുന്നു.







Sunday 11 February 2018

സോളാര്‍ വൈദ്യുതി വീടുകളില്‍ എങ്ങനെ ഉപയോഗപ്പെടുത്താം..(Solar Power system)



വൈദ്യുതി ആധുനിക ജീവിതത്തിലെ സമസ്ഥ മേഖലകളെയും ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. വീട്ടിലായാലും ജോലിസ്ഥലത്തായാലും നമുക്ക് വൈദ്യുതി കൂടിയേകഴിയൂ.അതുകൊണ്ടുതന്നെ തുടര്‍ച്ചയായ വൈദ്യുതിലഭ്യതയെകുറിച്ച് നമെല്ലാം ചിന്തിച്ച്കൊണ്ടേയിരിക്കുന്നു. കുറഞ്ഞ വൈദ്യുതിയുല്‍പ്പാദനവും കൂടിയ വൈദ്യുതി ഉപഭോഗവും വൈദ്യുതപ്രതിസന്ധി രൂക്ഷമാക്കികെണ്ടിരിക്കുന്ന കാലഘട്ടമാണിത്.ഫോസില്‍ ഇന്ധനങ്ങളുടെ(കല്‍ക്കരി,പെട്രോളിയം) അമിത
ഉപയോഗം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പികുന്നതോടപ്പം വൈദ്യുതോല്‍പ്പാദനചിലവുംവര്‍ദ്ധിപ്പിച്ചുകെണ്ടേയിരിക്കുന്നു.അതുകൊണ്ട്തന്നെ ലോകരാഷ്ട്രങ്ങള്‍ പുനരുല്‍പ്പാദനയോഗ്യമായ ഉൗര്‍ജ്ജസ്രോതസ്സുകള്‍ (കാറ്റ്, സൂര്യപ്രകാശം തുടങ്ങിയവ ) കൂടുതലായി ഉപയോഗിക്കാന്‍ ശ്രമിച്ചു
കൊണ്ടിരിക്കുന്നു.ഇവയില്‍ പ്രഥമഗണനീയം സൗരോര്‍ജ്ജം തന്നെ…

സൗരോര്‍ജ്ജത്തെ നമ്മുടെ വീട്ടില്‍ വൈദ്യുതിലഭ്യതയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം?

സോളാര്‍ ഇന്‍വേര്‍ട്ടറുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ ഭൂരിഭാഗം വൈദ്യുതിയാവശ്യങ്ങള്‍ തടസ്സമില്ലാതെ നിറവേറ്റാനും മിച്ചവൈദ്യുതി ഗ്രിഡിലേക്കയച്ച് വൈദ്യുതബില്ല് കുറയ്കുുവാനും കഴിയും.

സോളാര്‍ പവര്‍ ഇന്‍വേര്‍ട്ടറുകള്‍

ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റം , ഓണ്‍-ഗ്രിഡ്(ഗ്രിഡ്ടൈ)സോളാര്‍ സിസ്റ്റം, ഹൈബ്രിഡ്സോളാര്‍ സിസ്റ്റം എന്നിങ്ങനെ സോളാര്‍ പവര്‍ സിസ്റ്റം മൂന്നായി തിരിച്ചിരിക്കുന്നു.

ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റം



  • വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ (ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍) സൂര്യപ്രകാശത്തെ ഡി.സി വൈദ്യുതിയാക്കിമാറ്റി സോളാര്‍ പവര്‍ ഇന്‍വേര്‍ട്ടറിലേക്ക് അയക്കുന്നു.
  • നമ്മുടെ വൈദ്യുതിഉപകരണങ്ങള്‍ എ.സി വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്.ആയതിനാല്‍ ഈ ഡി.സി വൈദ്യുതി ഇന്‍വെര്‍ട്ടറില്‍ വെച്ച് എ.സി വൈദ്യുതിയായിമാറി മെയിന്‍ പവര്‍ സപ്ലെയില്‍ എത്തുന്നു.ഇവിടെ നിന്നും വൈദ്യുതി ഉപകരണങ്ങള്‍ക്ക് ലഭ്യമാകുന്നു.
  • മെയിന്‍ പവര്‍ സപ്ലെയില്‍ വൈദ്യുതി എത്തിക്കുന്നതോടപ്പം സോളാര്‍ പവര്‍ ഇന്‍വേര്‍ട്ടറുകള്‍ അവയില്‍ കണക്റ്റ്ചെയ്യപ്പട്ടിരിക്കുന്ന സ്റ്റോറേജ് ബാറ്ററി നിയന്ത്രിതമായി ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നു.
  • മേഘാവൃതമായ അന്തരീക്ഷത്തിലും,രാത്രിയിലും സോളാര്‍ പാനലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ ബാറ്ററിയില്‍നിന്നുള്ള ഡിസി വൈദ്യുതി എസി വൈദ്യുതിയാക്കിമാറ്റി മെയ്ന്‍ പവര്‍ സപ്ലെയില്‍ എത്തിച്ച് വൈദ്യുതിലഭ്യത ഉറപ്പുവരുത്തുന്നു.
  • ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റത്തില്‍ സര്‍വ്വീസ് ലൈനില്‍ നിന്നുള്ള വൈദ്യുതി ഒരുഘട്ടത്തിലും ഉപയോഗിക്കപ്പെടുന്നില്ല.
  • വൈദ്യുതിഎത്തിപ്പെടാത്തവിദൂര പ്രദേശങ്ങളില്‍ വളരെ അനുയോജ്യമാണ്.

ഓണ്‍-ഗ്രിഡ്(ഗ്രിഡ്ടൈ)സോളാര്‍ സിസ്റ്റം

  • വിടെ സോളാര്‍പാനലുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡി.സി വൈദ്യുതി എ.സിയാക്കിമാറ്റി നേരിട്ട് മെയിന്‍സപ്ലെയില്‍ എത്തിച്ച് ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലഭ്യമാക്കുന്നു.
  • ഈ സംവിധാനത്തില്‍ ബാറ്ററി ഉപയോഗിക്കുന്നില്ല.ആയതിനാല്‍ മേഘാവൃതമായ അന്തരീക്ഷത്തിലും,രാത്രിയിലും സോളാര്‍ പാനലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സര്‍വ്വീസ് ലൈനില്‍നിന്നുള്ള വൈദ്യുതിയാണ് ഉപകരണങ്ങള്‍ക്ക് ലഭ്യമാകുന്നത്.
  • പകല്‍ ഉപയോഗിക്കാതെ മിച്ചം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക്നെറ്റ് മീറ്ററിംഗ് സംവിധാനംവഴി അയക്കുന്നത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാം. ആയതിനാല്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്ന കരണ്ട് ബില്ല് കുറവായിരിക്കും. (ഗ്രിഡിലേക്ക് അയച്ച വൈദ്യുതിയൂണിറ്റ് കിഴിച്ച് മിച്ചമുള്ള യൂണിറ്റിന് ബില്‍ ചെയ്യുന്നു.).
  • ഈ സംവിധാനത്തില്‍ ശരിക്കും രാത്രിയില്‍ മാത്രമെ സര്‍വ്വീസ് ലൈനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കപ്പെടുകയുള്ളൂ. പകല്‍മുഴുവന്‍ സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്.വൈദ്യുതബില്ല് ഗണ്യമായി കുറയുന്നു.
  • ഈ സംവിധാനത്തില്‍ ബാറ്ററി ഉപയോഗിക്കാത്തതിനാല്‍ മൊത്തം ചിലവു കുറവാണ്.

ഹൈബ്രിഡ് സോളാര്‍ സിസ്റ്റം


  • ഓണ്‍-ഗ്രിഡ്(ഗ്രിഡ്ടൈ)സോളാര്‍ സിസ്റ്റത്തിന്റെയും ഓഫ്-ഗ്രിഡ് സോളാര്‍ സിസ്റ്റത്തിന്റെയും സംയുക്തരൂപമാണിത്.
  • ഈ സംവിധാനത്തില്‍ പകല്‍ മുഴുവന്‍ സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്.
  • ഈ സംവിധാനത്തില്‍ രാത്രിയില്‍ ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
  • സര്‍വ്വീസ് ലൈനില്‍നിന്നുള്ള വൈദ്യുതി അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നു.( ബാറ്ററി കൂടുതലായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുക,കൂടുതല്‍ ലോഡ് ഉപയോഗിക്കുക)
  • പകല്‍ മിച്ചവൈദ്യുതി നെറ്റ്മീറ്ററിംഗ് സംവിധാനം ഗ്രിഡിലേക്ക് അയക്കാം
  • വൈദ്യുത ചിലവ് ഗണ്യമായി കുറയ്കാം പക്ഷെ ഇത് സ്ഥാപിക്കാനുള്ള ചിലവ് താരതമ്യേന കൂടുതലാണ്.
സോളാര്‍ ഇന്‍വേര്‍ട്ടറിനെ കുറിച്ച് ഒരു സാമാന്യജ്ഞാനം മാത്രമാണ് ഉദ്ദേശിച്ചത്.KSEB-യില്‍ സോളാര്‍ സംവിധാനം ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെകുറിച്ച് അറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കുക.

കെ.എസ്.ഇ.ബി ലൈനില്‍ സോളാര്‍ സംവിധാനം ഘടിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ 


 നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ഇവയിലേതും തിരഞ്ഞെടുക്കാം..ലാഭമുണ്ടാകും തീര്‍ച്ച… കൂടുതല്‍കാര്യങ്ങള്‍ മനസിലാക്കാന്‍ താഴെയുള്ള വീഡിയോക്ലിപ്പുകള്‍ സഹായിക്കു.


                        


Friday 26 January 2018

കറണ്ട് ബില്‍ കുറയ്കാന്‍ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്..??(Energy conservation tips for Refrigerator)


നിങ്ങളുടെ കറണ്ട് ബില്‍ വര്‍ദ്ധിപ്പിക്കുന്ന പ്രധാനവില്ലനായ ഫ്രിഡ്ജിനെ മെരുക്കിയെടുക്കാനും… ഉൗര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും… ചില പൊടിക്കൈകള്‍




ഫ്രിഡ്ജ് ഡോര്‍ തുറക്കുന്നതിന്റെ എണ്ണം കുറയ്ക്കുക.

ഓരോ പ്രാവശ്യം ഫ്രിഡ്ജ് തുറന്നടയ്കുമ്പോള്‍,ഉള്ളിലെ തണുത്ത വായു പുറത്തേക്കും പുറമെയുള്ള ചൂടുവായു അകത്തേയ്ക്കും കടക്കുന്നു.തല്‍ഫലമായി ഉള്ളിലെ തണുപ്പ് നിലനിര്‍ത്താന്‍ ഫ്രിഡ്ജ് കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകുന്നു. ആവശ്യങ്ങള്‍ ലിസ്റ്റ്ചെയ്ത് ഒരുപ്രാവശ്യം തുറക്കുമ്പോള്‍തന്നെ പരമാവധി സാധനങ്ങള്‍ അകത്തേയ്ക് വയ്ക്കുകയും പുറത്തേയ്ക്ക് എടുക്കുകയും ചെയ്യുക.ഡോര്‍ കൂടുതല്‍ സമയം തുറന്ന് പിടിയ്കാതിരിക്കുക.

   ഫ്രിഡ്ജ് കപ്പാസിറ്റിയനുസരിച്ച് നിറച്ച് സൂക്ഷിക്കുക.

ഒഴിഞ്ഞ ഫ്രിഡ്ജിനേക്കാള്‍ (ആവശ്യത്തിന്) നിറഞ്ഞിരിക്കുന്ന ഫ്രിഡ്ജിന് കൂടുതല്‍ സമയം തണുപ്പ് നിലനിര്‍ത്താന്‍ കഴിയും.ആവശ്യത്തിന് പദാര്‍ത്ഥങ്ങളില്ലെങ്കില്‍ ഫ്രിഡ്ജില്‍ വെള്ളം നിറച്ച് കുപ്പികള്‍ സൂക്ഷിക്കുന്നത് കൂടുതല്‍ സമയം തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ഫ്രിഡ്ജില്‍ ഭക്ഷണവസ്തുക്കള്‍ കുത്തിനിറയ്കുന്നത് ഉള്ളിലെ തണുത്തവായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും വിപരീതഫലമുളവാക്കുകയും ചെയ്യുന്നു.



കാലാവസ്ഥയ്ക്കനുസരിച്ച് ഫ്രഡ്ജ് ടെമ്പറേച്ചര്‍കണ്‍ട്രോള്‍ ക്രമപ്പെടുത്തുക.


തണുത്ത കാലാവസ്ഥയില്‍ കുറച്ചും ചൂടുള്ള കാലാവസ്ഥയില്‍ കൂട്ടിയുംഫ്രഡ്ജ് ടെമ്പറേച്ചര്‍കണ്‍ട്രോള്‍ സെറ്റുചെയ്യുന്നത് ഉൗര്‍ജ്ജ നഷ്ടം കുറയ്കാന്‍ സഹായിക്കും.
 
 

ഫ്രിഡ്ജ് ഡോര്‍ഗാസ്ക്കറ്റ് പരിശോധിച്ച് മാറ്റിയിടുക.

കാലപഴക്കത്താല്‍ ഡോര്‍ഗാസ്ക്കറ്റുകള്‍ പഴകിദ്രവിക്കുന്നത് ചോര്‍ച്ചയുണ്ടാക്കുകയും  ഉള്ളിലെ തണുപ്പ്നിലനിര്‍ത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഫ്രിഡ്ജ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കാരണമാകുകയും ഉൗര്‍ജ്ജ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഇരുട്ടില്‍ ഫ്രിഡ്ജിനുള്ളില്‍ ടോര്‍ച്ച് ലൈറ്റ്കത്തിച്ച് വെച്ച് ലീക്ക് പരിശോധിക്കാം.



 
ഫ്രിഡ്ജ് കൃത്യമായ ഇടവേളകളില്‍ ഡി-ഫ്രോസ്റ്റ് ചെയ്യുക.

ഫ്രിഡ്ജിനുള്ളിലെ ഈര്‍പ്പം എൈസായി മാറുന്നത് തണുപ്പിക്കുന്ന പ്രവര്‍ത്തിയെ തടസ്സപ്പെടുത്തുന്നു.ഇത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകും.ആയതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഡി-ഫ്രോസ്റ്റ് ചെയ്ത് ഇങ്ങനെ പറ്റിപിടിച്ചിരിക്കുന്ന എൈസ് ഉരുക്കികളയണം.

 



താപസ്രോതസ്സുകളില്‍ നിന്ന് ഫ്രിഡ്ജ് അകറ്റിനിര്‍ത്തുക.

അടുപ്പുകള്‍,ഓവനുകള്‍,സൂര്യപ്രകാശം നേരിട്ട്പതിക്കുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍നിന്നും ഫ്രിഡ്ജ് മാറ്റിസ്ഥാപിക്കുക. ഫ്രിഡ്ജ് സ്ഥിതിചെയ്യുന്ന ചുറ്റുപാടില്‍ ഉണ്ടാകുന്ന ചൂട് 10 ഡിഗ്രിസെല്‍ഷ്യസ് വര്‍ദ്ധിച്ചാല്‍ ഉൗര്‍ജ്ജ ഉപഭോഗം 20% വര്‍ദ്ധിക്കുന്നു. ഇത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകുന്നു.


 



ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നേരിട്ട് ഫ്രിഡ്ജില്‍ വെയ്ക്കരുത്.

 


ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രിഡ്ജ് കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടതായി വരുന്നത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകുന്നു.

 

കണ്ടന്‍സര്‍കോയില്‍ വൃത്തിയായി സൂക്ഷിക്കുക


ഫ്രിഡ്ജിന്റെ പുറകിലായികാണുന്ന കണ്ടന്‍സര്‍കോയില്‍ മാസത്തിലൊരിക്കല്‍ വൃത്തിയായി സൂക്ഷിക്കണം. കണ്ടന്‍സര്‍കോയിലും ചുവരും തമ്മില്‍ കുറഞ്ഞത് 15 സെ.മീറ്റര്‍ അകലം പാലിച്ച് സ്ഥിതിചെയ്താല്‍ മാത്രമേ നല്ല കൂളിംഗ് ലഭ്യമാവുകയുള്ളു.






വൈകുന്നേരം 6മണിമുതല്‍10 മണിവരെയുള്ള സമയം ഫ്രിഡ്ജ് ഓഫ് ചെയ്യുന്നത് ഉൗര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി കെ.എസ്..ബിക്ക് കൂടിയവിലക്ക് പുറമെനിന്നും വൈദ്യുതിവാങ്ങുന്നത് കുറയ്കാന്‍ സാധിക്കുകയും ചെയ്യും. നാലുമണിക്കൂര്‍ നേരം ഓഫ്ചെയ്യുന്നത് ഫ്രിഡിജിനുള്ളിലെ തണുപ്പ് കുറയ്ക്കില്ല. നിങ്ങളുടെ കറണ്ട് ബില്‍കുറയുകയും ചെയ്യും….