Friday 26 January 2018

കറണ്ട് ബില്‍ കുറയ്കാന്‍ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്..??(Energy conservation tips for Refrigerator)


നിങ്ങളുടെ കറണ്ട് ബില്‍ വര്‍ദ്ധിപ്പിക്കുന്ന പ്രധാനവില്ലനായ ഫ്രിഡ്ജിനെ മെരുക്കിയെടുക്കാനും… ഉൗര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും… ചില പൊടിക്കൈകള്‍




ഫ്രിഡ്ജ് ഡോര്‍ തുറക്കുന്നതിന്റെ എണ്ണം കുറയ്ക്കുക.

ഓരോ പ്രാവശ്യം ഫ്രിഡ്ജ് തുറന്നടയ്കുമ്പോള്‍,ഉള്ളിലെ തണുത്ത വായു പുറത്തേക്കും പുറമെയുള്ള ചൂടുവായു അകത്തേയ്ക്കും കടക്കുന്നു.തല്‍ഫലമായി ഉള്ളിലെ തണുപ്പ് നിലനിര്‍ത്താന്‍ ഫ്രിഡ്ജ് കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകുന്നു. ആവശ്യങ്ങള്‍ ലിസ്റ്റ്ചെയ്ത് ഒരുപ്രാവശ്യം തുറക്കുമ്പോള്‍തന്നെ പരമാവധി സാധനങ്ങള്‍ അകത്തേയ്ക് വയ്ക്കുകയും പുറത്തേയ്ക്ക് എടുക്കുകയും ചെയ്യുക.ഡോര്‍ കൂടുതല്‍ സമയം തുറന്ന് പിടിയ്കാതിരിക്കുക.

   ഫ്രിഡ്ജ് കപ്പാസിറ്റിയനുസരിച്ച് നിറച്ച് സൂക്ഷിക്കുക.

ഒഴിഞ്ഞ ഫ്രിഡ്ജിനേക്കാള്‍ (ആവശ്യത്തിന്) നിറഞ്ഞിരിക്കുന്ന ഫ്രിഡ്ജിന് കൂടുതല്‍ സമയം തണുപ്പ് നിലനിര്‍ത്താന്‍ കഴിയും.ആവശ്യത്തിന് പദാര്‍ത്ഥങ്ങളില്ലെങ്കില്‍ ഫ്രിഡ്ജില്‍ വെള്ളം നിറച്ച് കുപ്പികള്‍ സൂക്ഷിക്കുന്നത് കൂടുതല്‍ സമയം തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ഫ്രിഡ്ജില്‍ ഭക്ഷണവസ്തുക്കള്‍ കുത്തിനിറയ്കുന്നത് ഉള്ളിലെ തണുത്തവായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും വിപരീതഫലമുളവാക്കുകയും ചെയ്യുന്നു.



കാലാവസ്ഥയ്ക്കനുസരിച്ച് ഫ്രഡ്ജ് ടെമ്പറേച്ചര്‍കണ്‍ട്രോള്‍ ക്രമപ്പെടുത്തുക.


തണുത്ത കാലാവസ്ഥയില്‍ കുറച്ചും ചൂടുള്ള കാലാവസ്ഥയില്‍ കൂട്ടിയുംഫ്രഡ്ജ് ടെമ്പറേച്ചര്‍കണ്‍ട്രോള്‍ സെറ്റുചെയ്യുന്നത് ഉൗര്‍ജ്ജ നഷ്ടം കുറയ്കാന്‍ സഹായിക്കും.
 
 

ഫ്രിഡ്ജ് ഡോര്‍ഗാസ്ക്കറ്റ് പരിശോധിച്ച് മാറ്റിയിടുക.

കാലപഴക്കത്താല്‍ ഡോര്‍ഗാസ്ക്കറ്റുകള്‍ പഴകിദ്രവിക്കുന്നത് ചോര്‍ച്ചയുണ്ടാക്കുകയും  ഉള്ളിലെ തണുപ്പ്നിലനിര്‍ത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഫ്രിഡ്ജ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കാരണമാകുകയും ഉൗര്‍ജ്ജ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഇരുട്ടില്‍ ഫ്രിഡ്ജിനുള്ളില്‍ ടോര്‍ച്ച് ലൈറ്റ്കത്തിച്ച് വെച്ച് ലീക്ക് പരിശോധിക്കാം.



 
ഫ്രിഡ്ജ് കൃത്യമായ ഇടവേളകളില്‍ ഡി-ഫ്രോസ്റ്റ് ചെയ്യുക.

ഫ്രിഡ്ജിനുള്ളിലെ ഈര്‍പ്പം എൈസായി മാറുന്നത് തണുപ്പിക്കുന്ന പ്രവര്‍ത്തിയെ തടസ്സപ്പെടുത്തുന്നു.ഇത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകും.ആയതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഡി-ഫ്രോസ്റ്റ് ചെയ്ത് ഇങ്ങനെ പറ്റിപിടിച്ചിരിക്കുന്ന എൈസ് ഉരുക്കികളയണം.

 



താപസ്രോതസ്സുകളില്‍ നിന്ന് ഫ്രിഡ്ജ് അകറ്റിനിര്‍ത്തുക.

അടുപ്പുകള്‍,ഓവനുകള്‍,സൂര്യപ്രകാശം നേരിട്ട്പതിക്കുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍നിന്നും ഫ്രിഡ്ജ് മാറ്റിസ്ഥാപിക്കുക. ഫ്രിഡ്ജ് സ്ഥിതിചെയ്യുന്ന ചുറ്റുപാടില്‍ ഉണ്ടാകുന്ന ചൂട് 10 ഡിഗ്രിസെല്‍ഷ്യസ് വര്‍ദ്ധിച്ചാല്‍ ഉൗര്‍ജ്ജ ഉപഭോഗം 20% വര്‍ദ്ധിക്കുന്നു. ഇത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകുന്നു.


 



ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നേരിട്ട് ഫ്രിഡ്ജില്‍ വെയ്ക്കരുത്.

 


ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളെ തണുപ്പിക്കുന്നതിനായി ഫ്രിഡ്ജ് കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടതായി വരുന്നത് ഉൗര്‍ജ്ജ നഷ്ടത്തിന് കാരണമാകുന്നു.

 

കണ്ടന്‍സര്‍കോയില്‍ വൃത്തിയായി സൂക്ഷിക്കുക


ഫ്രിഡ്ജിന്റെ പുറകിലായികാണുന്ന കണ്ടന്‍സര്‍കോയില്‍ മാസത്തിലൊരിക്കല്‍ വൃത്തിയായി സൂക്ഷിക്കണം. കണ്ടന്‍സര്‍കോയിലും ചുവരും തമ്മില്‍ കുറഞ്ഞത് 15 സെ.മീറ്റര്‍ അകലം പാലിച്ച് സ്ഥിതിചെയ്താല്‍ മാത്രമേ നല്ല കൂളിംഗ് ലഭ്യമാവുകയുള്ളു.






വൈകുന്നേരം 6മണിമുതല്‍10 മണിവരെയുള്ള സമയം ഫ്രിഡ്ജ് ഓഫ് ചെയ്യുന്നത് ഉൗര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി കെ.എസ്..ബിക്ക് കൂടിയവിലക്ക് പുറമെനിന്നും വൈദ്യുതിവാങ്ങുന്നത് കുറയ്കാന്‍ സാധിക്കുകയും ചെയ്യും. നാലുമണിക്കൂര്‍ നേരം ഓഫ്ചെയ്യുന്നത് ഫ്രിഡിജിനുള്ളിലെ തണുപ്പ് കുറയ്ക്കില്ല. നിങ്ങളുടെ കറണ്ട് ബില്‍കുറയുകയും ചെയ്യും….

Tuesday 23 January 2018

പാചകത്തിന് വൈദ്യുതി ഗ്യാസിനേക്കാള്‍ ലാഭകരമാണോ ??( Is Electricity profitable for cooking?)







ഗ്യാസ് സ്റ്റൗ

ഗുണങ്ങള്‍
  • പാചകത്തിന് എല്ലാത്തരം പാത്രങ്ങളും ഉപയോഗിക്കാം.
  • ഇന്ത്യന്‍ വിഭവങ്ങള്‍ മിക്കവാറും എല്ലാംതന്നെ ഗ്യാസില്‍ പാചകം ചെയ്യാം.
  • വൈദ്യുത പാചകത്തെ അപേക്ഷിച്ച് കൂടുതല്‍ വിശ്വാസയോഗ്യമാണ്.
  • എളുപ്പത്തില്‍ നിയന്ത്രിക്കാം.
  • പാത്രങ്ങളുടെ ആകൃതി,വലിപ്പം എന്നിവ പ്രശ്നമല്ല.
ദോഷങ്ങള്‍
  • ഗ്യാസ് കത്തുമ്പോഴുണ്ടാകുന്ന തീ ജ്വാലകള്‍ തീപിടുത്തംമൂലമുള്ള അപകടങ്ങള്‍ക്കും പൊള്ളലിനും കാരണമായേക്കാം.
  • ഗ്യാസ് സിലിണ്ടറിന് സംഭവിക്കുന്ന ചോര്‍ച്ചയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
  • ഗ്യാസ് കത്തുമ്പോള്‍ ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡൈഓക്സൈഡ് ഉണ്ടാകുന്നു.
  • ഗ്യാസ് ജ്വാലകള്‍ മുറിക്കകം കൂടി ചൂടുപിടിപ്പിക്കുന്നു.ആയതിനാല്‍ കാര്യക്ഷമത താരതമ്യേന കുറവാണ്(40%).
  • പാത്രങ്ങളുടെ അടിഭാഗങ്ങളും,ബര്‍ണ്ണറുകളും എളുപ്പത്തില്‍ കരിപിടിച്ച് വൃത്തികേടാകുന്നു.

     
    ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പുകള്‍


    ഗുണങ്ങള്‍
  • ഗ്യാസിനെ അപേക്ഷിച്ച് പെട്ടന്ന് ചൂടാകുന്നു.
  • തീജ്വാലകള്‍ ഉണ്ടാകാത്തതിനാല്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്.
  • കരിയും പുകയും ഉണ്ടാകുന്നില്ല.അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ എളുപ്പമാണ്.
  • കാര്യക്ഷമത താരതമ്യേന കൂടുതലാണ്(84%).

ദോഷങ്ങള്‍
  • ഇരുമ്പ് നിര്‍മ്മിത പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
  • പാത്രങ്ങളുടെ അടിഭാഗം പരന്നതായിരിക്കണം.
  • പവര്‍ കട്ട്,വോള്‍ട്ടേജ് തകരാറുകള്‍ എന്നിവ പാചകം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. വിശ്വാസ്യത കുറവാണ്.
  • ചില പാചകങ്ങള്‍ ചെയ്യാന്‍ കഴിയില്ല.
  • തീരെ ചെറുതും വളരെ വലിയതുമായ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.


ഗ്യാസ് സ്റ്റൗ
ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്
യൂണിറ്റ്
1 സിലിണ്ടര്‍(14.2 കി.ഗ്രാം ഗ്യാസ്)
1 കിലോവാ‍ട്ട് അവര്‍
എനര്‍ജി/യൂണിറ്റ്
654620000
3600000
10ലിറ്റര്‍ വെള്ളം തിളപ്പിക്കുന്നതിന് ആവശ്യമായ യൂണിറ്റ്
0.012
1.042
യൂണിറ്റ്/ചിലവ്(Average.)
Rs 423 (Subsidized),
Rs 900 (Un-Subsidized)

Rs 5
10ലിറ്റര്‍ വെള്ളം തിളപ്പിക്കുന്നതിന് ആവശ്യമായ യൂണിറ്റ്/ചിലവ്(Average.)
Rs 5.09 (Subsidized),
Rs 10.8 (Un-Subsidized)
(*AllIndia base)
Rs 5.21 (*AllIndia base)

*അവലംബം: വിക്കിപ്പീഡിയ,മറ്റ് വെബ്സൈറ്റുകള്‍

കറണ്ട് ബില്‍ ശരാശരി 600-750 രൂപയില്‍ വരുന്നവരും,വര്‍ഷത്തില്‍ 12 സിലിണ്ടറിലധികം ഉപയോഗിക്കുന്നവരും ലഘുപാചകങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്  നിയന്ത്രിതമായി ഉപയോഗിക്കുന്നത് ലാഭകരമായിരിക്കും..
ലേഖനം മെച്ചപ്പെടുത്തുന്നതിനായി അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ താല്‍പര്യപ്പെടുന്നു.



വൈദ്യുത ബള്‍ബുകള്‍ .... ഊര്‍ജ്ജസംരക്ഷണത്തിന് ചില ചെറിയ കാര്യങ്ങള്‍ !!(Energyconservation tips related with Electric Bulbs)




വൈദ്യുത ബള്‍ബുകള്‍ .... ഊര്‍ജ്ജസംരക്ഷണത്തിന് ചില ചെറിയ കാര്യങ്ങള്‍ !!
 

 

 സാധാരണ ബള്‍ബുകളില്‍(Incandescent Lamp)ഉപയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ 10% മാത്രമാണ് വെളിച്ചമായി മാറുന്നത്.ബാക്കി വൈദ്യുതി മുഴുവന്‍ ചൂടായി നഷ്ടപ്പെടുന്നു.ഇവയുടെ ഉപയോഗം പരമാവധി കുറക്കുക.






താരതമ്യേന ഊര്‍ജ്ജക്ഷമത കൂടുതലുള്ള കോമ്പാക്റ്റ്ഫ്ളൂറസെന്റ് ലൈറ്റുകളും(CFL),ട്യൂബ് ലൈറ്റുകളും ഉപയോഗിക്കുക.പരിസ്ഥിതിക്ക് ഹാനികരമായ മെര്‍ക്കുറി അടങ്ങിയിട്ടുള്ളതിനാല്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.





ട്യൂബ് ലൈറ്റുകള്‍ക്ക് ഗുണനിലവാരമുള്ള ഇലക്ട്രോണിക് ചോക്കുകള്‍ ഉപയോഗിച്ചാല്‍ 30%വൈദ്യുതി ലാഭിക്കാം.








പഠനമുറി,അടുക്കള എന്നിവടങ്ങളില്‍ ആവശ്യമായസ്ഥലത്തേക്ക് മാത്രം പ്രകാശം കേന്ദ്രീകരിച്ച് നില്‍ക്കുന്ന റിഫ്ലക്ടറോടുകൂടിയ CFL,LED ലാമ്പുകള്‍ വൈദ്യുതി ഉപയോഗം 75%ത്തോളം കുറയ്ക്കുന്നു.ഒരാള്‍ക്ക് മാത്രം പഠിക്കാനും പ്രവര്‍ത്തിക്കാനും ഒരു മുറിമുഴുവന്‍ പ്രകാശിപ്പിക്കേണ്ട ആവശ്യമില്ല








സീറോ വാട്സ് എന്ന് മിക്കവരും ധരിച്ച് വച്ചിരിക്കുന്ന കളര്‍ ലാമ്പുകളുടെ യഥാര്‍ത്ഥ വാട്ടേജ് 15 വാട്സ് ആണ്.ഇത് ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചാല്‍ രണ്ടു മാസത്തേക്ക് 11 യൂണിറ്റ് വൈദ്യുതി ചിലവാകും.ഇതിനുപകരം ഒരു വാട്ടിന്റെ LED ലാമ്പുപയോഗിച്ചാല്‍ വൈദ്യുതി ചിലവ് ഒരു യൂണിറ്റായി കുറക്കാം


ഊര്‍ജ്ജക്ഷമത കൂടിയ LEDലാമ്പുകള്‍ ഉപയോഗിക്കുക.ഇവയ്ക് ആയുസ്സ് കൂടുതലാണ്(50,000-100000 മണിക്കൂര്‍)പരിസ്ഥിതിക്ക് ഹാനികരമായ ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടില്ല.100 വാട്ട് ബള്‍ബിന്റെ സ്ഥാനത്ത് 18 വാട്ടിന്റെ സി.എഫ്.എല്‍ മതിയെങ്കില്‍,10 വാട്ടിന്റെ എല്‍.ഇ.ഡി മതി അത്രയും പ്രകാശം ലഭിക്കാന്‍.

കൂടുതതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.... 

Wednesday 17 January 2018

വീട്ടില്‍ ലൈറ്റിടുമ്പോള്‍ കാഴ്ച വിരസമായി തോന്നാറുണ്ടോ??എങ്കില്‍…(Importance of consider a lighting scheme)




വൈദ്യുതി വെളിച്ചത്തില്‍ കുറഞ്ഞ കാഴ്ചസുഖമാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതെങ്കില്‍ കുഴപ്പം നിങ്ങളുടെ കണ്ണിന്റെയല്ല നിങ്ങളുടെ വീട്ടിലെ ലൈറ്റിംഗ് സ്കീമിന്റെതാണ്(പ്രകാശവിതാന സംവിധാനം). ലക്ഷകണക്കിന് രൂപമുടക്കി വീടുപണിയുമെങ്കിലും പലരും ലൈറ്റിംഗ് സ്കീമിന് പ്രാധാന്യംകൊടുക്കാതെ തെറ്റായിചെയ്യുന്നു. ഇത് കണ്ണിന് ആയാസവും മനംമടുപ്പും ഉളവാക്കും. മള്‍ട്ടിസ്റ്റാര്‍ ഹോട്ടലുകളിലും മറ്റും രാത്രി ഹൃദ്യുവും മനോഹരനുമായി അനുഭവപ്പെടുന്നത് അനുയോജ്യമായ ലൈറ്റിംഗ്സ്കീം ചെയ്തതിനാലാണ്.



ലൈറ്റിംഗ് സ്കീമുകളെകുറിച്ച് ഒരു ലഘുവിവരണം………..

ഒരു നല്ല ലൈറ്റിംഗ്സ്കീം എന്താണ് ലക്ഷ്യമാക്കുന്നത്?
  1. കെട്ടിടത്തിനുളളില്‍ വ്യക്തികള്‍ക്ക് ആയാസരഹിതവും സുരക്ഷിതവുമായി ചലിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു.
  2. കാഴ്ച ആയാസരഹിതവും മനോഹരവുമാക്കുന്നു.

എത്ര തരം ലൈറ്റിംഗ്സ്കീമുകളുണ്ട്?? എന്താണ് അവയുടെ സവിശേഷതകള്‍??



(1) Direct Lighting : സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ലൈറ്റിംഗ്സ്കീമാണിത്. ഈ സംവിധാനത്തില്‍ 90%വെളിച്ചവും പ്രവര്‍ത്തനമണ്ഡലത്തില്‍ നേരിട്ട് പതിക്കുന്നു. ഈ സ്കീമില്‍ ഉള്ള്കൂടുതലുള്ള പ്രകാശദര്‍പ്പണങ്ങള്‍(Deep Reflector) ഉപയോഗിക്കുന്നു. കട്ടികൂടിയ നിഴലുകളും(Hard Shadows) കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും(Glare) ചില പോരായ്മകളാണ്. തൊഴിലിടങ്ങളിലും കെട്ടിടങ്ങള്‍ക്ക് പുറത്തും ഈ സ്കീം അനുയോജ്യമാണ്.




(2) Semi-Direct Lighting : ഈ ലൈറ്റിംഗ് സ്കീമില്‍ 60%-80% വെളിച്ചം പ്രവര്‍ത്തനമണ്ഡലത്തില്‍ നേരിട്ട് പതിക്കുന്നു. 20%-30% വെളിച്ചം അനുയോജ്യമായ റിഫ്ലക്റ്ററുകളുടെ സഹായത്തോടെ സീലിംഗും ചുവരും പ്രകാശിപ്പിക്കുന്നു. ഉയര്‍ന്ന സീലിംഗുള്ള മുറികളിലും മറ്റും ഒരേതീവ്രതയില്‍ വെളിച്ചം ലഭ്യമാകുന്നു.അര്‍ദ്ധതാര്യ കണ്ണാടിഗോളങ്ങള്‍ (Diffusing Globes) ഉപയോഗിച്ച് അതിപ്രഭ(Glare) കുറയ്ക്കാവുന്നതാണ്




(3)Semi-Indirect Lighting :ഈ ലൈറ്റിംഗ് സ്കീമില്‍ 20%-30% വെളിച്ചം മാത്രമാണ് പ്രവര്‍ത്തനമണ്ഡലത്തില്‍ നേരിട്ട് പതിക്കുന്നത്. 70%-80% വെളിച്ചം അനുയോജ്യമായ റിഫ്ലക്റ്ററുകളുടെ സഹായത്തോടെ സീലിംഗും ചുവരും പ്രകാശിപ്പിക്കുന്നു. ഗ്ലെയര്‍ വളരെ കുറഞ്ഞതും നേര്‍ത്ത നിഴലുകളുളവാക്കുന്നതുമായ ഈ ലൈറ്റിംഗ് സ്കീം സ്വീകരണമുറികള്‍,ഡൈനിംഗ് റൂമുകള്‍ എന്നിവയ്ക് ഏറെ അനുയോജ്യവും കണ്ണിന് കുളിര്‍മ്മയേറുന്ന മൃദുപ്രകാശം പരത്തുന്നതുമാണ്.





 
 (4)Indirect Lighting : ഈ സ്കീമില്‍ 90% വെളിച്ചം റിഫ്ലക്റ്ററുകളുടെ സഹായത്തോടെ സീലിംഗില്‍ പതിക്കതക്കവിധമാണ് ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.നിഴലുകളും ഗ്ലയറും ഏറ്റവും കുറഞ്ഞിരിക്കുന്നത് ഈ സ്കീമിലാണ്.സിനിമാതീയേറ്ററുകള്‍,ഹോട്ടലുകള്‍,ബാറുകള്‍ എന്നിവടങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നു. മുറികള്‍ ഏറ്റവും സുന്ദരമായി കാണപ്പെടുന്നു.




ആവശ്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ സ്കീമുകള്‍ ഒറ്റയ്ക്കോ,കൂട്ടിചേര്‍ത്തോ ഉപയോഗിക്കാവുന്നതാണ്. ഈ ലേഖനം ഒരു ലഘുവിവരണം മാത്രമാണ്. മെച്ചപ്പെടുത്തുന്നതിനായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.