Monday, 2 October 2017

ELECTRIC FUSE(ഫ്യൂസ്)- നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്!!!

               




വീട്ടില്‍ കറണ്ട് പോകുമ്പോള്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്ന വാക്കാണ് ഫ്യൂസ്. ഫ്യൂസിനെകുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് താഴെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
 എന്താണ് ഫ്യൂസ് ?

        


  ഒരു വൈദ്യുതസര്‍ക്യൂട്ടിനെ അമിതവൈദ്യുതപ്രവാഹത്തില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള  ഒരു സംരക്ഷണോപാധിയാണ് ഫ്യൂസ്. അമിതവൈദ്യുതപ്രവാഹം സര്‍ക്യൂട്ടിനെയും ഉപകരണങ്ങളെയും കത്തിച്ച് നശിപ്പിക്കുന്നു.
     ഓവര്‍ലോഡിംഗ്,ഷോര്‍ട്ട് സര്‍ക്യൂട്ടിംഗ്  എന്നിവയാണ് അമിതവൈദ്യുത പ്രവഹത്തിനുള്ള കാരണങ്ങള്‍. 

ഓവര്‍ ലോഡിംഗ്
 ഒരു സ്രോതസ്സ്, ഒരു വൈദ്യുത ഉപകരണം, ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന വയറുകള്‍, വൈദ്യുത പ്രവാഹം നിയന്ത്രിക്കാനുള്ള സ്വിച്ച് എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു സര്‍ക്യൂട്ട്


                                               ഇലക്ട്രിക് സര്‍ക്യൂട്ട്
ഉപകരണത്തിന് സ്രോതസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് വയറുകള്‍ നിശ്ചിത ശേഷിയോട് കൂടിയതായിരിക്കണം. ഉദാഹരണമായി 2500 വാട്ട്സ് ശേഷിയുള്ള ഒരു വാട്ടര്‍ ഹീറ്റര്‍ 250 വോള്‍ട്ട് എ.സി സപ്ലൈയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 ആമ്പിയര്‍ ശേഷിയുള്ള വയറുകളും സ്വിച്ചും ആവശ്യമാണ്.ഈ സര്‍ക്യൂട്ടില്‍ അവിചാരിതമായി മറ്റൊരു 2500 വാട്ട്സിന്റെ ഉപകരണംഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രസ്തുത വയറുകളിലൂടെ 20 ആമ്പിയര്‍ കരണ്ട് ഒഴുകും.10 ആമ്പിയര്‍ ശേഷിയുള്ള വയറിലൂടെ 20 ആമ്പിയര്‍ കരണ്ട് ഒഴുകാന്‍ ശ്രമിക്കുമ്പോള്‍ അത് ചൂടായി കത്തി നശിക്കുന്നു. അതായത് നിശ്ചിത ശേഷിയുള്ള വയറിംഗില്‍, അതിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.അതില്‍ കൂടുതല്‍ ഉപകരണങ്ങള്‍ കണക്റ്റ് ചെയ്താല്‍ വയറിംഗ് കത്തി നശിക്കുന്നു. ഇതാണ് ഓവര്‍ ലോഡിംഗ് .
                                                                     ഓവര്‍ലോഡിംഗ്
ഷോര്‍ട്ട് സര്‍ക്യൂട്ട്

ഒരു ഇലക്ട്രിക് സര്‍ക്യൂട്ട് പ്രവര്‍ത്തിക്കുന്നത് വൈദ്യുതശ്രോതസ്സില്‍ (Source) നിന്നും വൈദ്യുതി ഒരു ചാലകം(Conductor) വഴി ഉപകരണത്തില്‍ എത്തി അതില്‍കൂടെ കടന്ന്  മറ്റൊരു ചാലകം വഴി ശ്രോതസ്സില്‍ തിരികെയെത്തുമ്പോഴാണ്. ഉപകരണത്തിന്റെ നിശ്ചിതപ്രതിരോധം സര്‍ക്യൂട്ടിലൂടെയുള്ള കറണ്ടിന്റെ അളവിനെ ക്രമീകരിക്കുന്നു.ഉദാഹരണമായി 25ഓം പ്രതിരോധമുള്ള ഇലക്ട്രിക് ഹീറ്റര്‍ 250വോള്‍ട്ട് സപ്ലൈയുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആ സര്‍ക്യൂട്ടിലൂടെ ഒഴുകുന്ന കറണ്ട് 10 ആമ്പിയര്‍ ആയിരിക്കും(As per Ohm's law I=V/R).ഈ സര്‍ക്യൂട്ടില്‍ ഉപയോഗിച്ചിരിക്കുന്ന വയറുകളുടെ ശേഷി 10 ആമ്പിയര്‍ ആയിരിക്കും. ഈ രണ്ടു ചാലകങ്ങളും ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ മറ്റോ നേരിട്ട് സമ്പര്‍ക്കത്തില്‍(Short circuit) വന്നാല്‍ അവിടെ പ്രതിരോധം വളരെകുറവായിരിക്കുകയും കറണ്ട് ഉപകരണത്തിലേക്ക് പോകാതെ വളരെ വലിയഅളവില്‍ ശ്രോതസ്സിലേക്ക് തിരിച്ചൊഴുകാന്‍ ശ്രമിക്കുകയും ചെയ്യുന്നു.തല്‍ഫലമായി വയറിംഗിലൂടെയുള്ള കറണ്ട് ക്രമാതീതമായി വര്‍ദ്ധിക്കുകയും അത് അത്യധികമായിചൂടായി കത്തിനശിക്കുകയും ചെയ്യുന്നു. ഇതാണ് ഷോര്‍ട്ട് സര്‍ക്യൂട്ട്

ഫ്യൂസ് കത്തിപ്പോയാല്‍ ചെയ്യേണ്ടത്.
  1.  മെയിന്‍സ്വി‍ച്ച് ഓഫ് ചെയ്യുക.
  2. ഫ്യൂസ് യൂണിറ്റില്‍ നിന്നും ഫ്യസ് കാരിയര്‍ ശ്രദ്ധാപൂര്‍വ്വം ഊരിയെടുത്ത് ഫ്യൂസ് വയര്‍ മാറ്റിയിടുക.
  3. വീട്ടിലെ എല്ലാസ്വിച്ചുകളും ഉപകരണങ്ങളും ഓഫ് ചെയ്ത് വെയ്കുക.
  4. ഫ്യൂസ് യൂണിറ്റില്‍ ഫ്യസ് കാരിയര്‍ തിരികെ ഘടിപ്പിച്ച്  മെയിന്‍സ്വി‍ച്ച് ഓണ്‍ ചെയ്യുക.
  5. ഉപകരണങ്ങള്‍ ഓരോന്നായി ഓണ്‍ചെയ്ത് നോക്കുക. ഏതെങ്കിലും പ്രത്യേക ഉപകരണം ഓണ്‍ ചെയ്യുമ്പോള്‍ ഫ്യൂസ് വീണ്ടും കത്തിപ്പോയാല്‍ അവിടെയായിരിക്കും തകരാര്‍.പ്രസ്തുത തകരാര്‍ പരിഹരിച്ചശേഷം മാത്രം ( വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിന് ഇലക്ട്രീഷ്യന്മാരെ ഏര്‍പ്പാടാക്കുക. ) ഫ്യൂസ് മാറ്റിയിടുക. 
  6.  ഓവര്‍ലോഡുകൊണ്ടാണ് ഫ്യൂസ് കത്തിപ്പോയതെങ്കില്‍ ലോഡ്കുറച്ചശേഷം മാത്രം ഫ്യൂസ് മാറ്റിയിടുക.
  7. കട്ടികൂടിയ ഫ്യൂസ് വയര്‍ ഒരിക്കലും ഉപയോഗിക്കരുത്. അത് നിങ്ങളുടെ വയറിംഗ് കത്തിനശിക്കാന്‍ ഇടയാക്കും. 
                 ഫ്യൂസിന്റെ പ്രവര്‍ത്തനം മനസിലാക്കുന്നതിനുള്ള വീഡിയോ...