Saturday, 30 September 2017

എര്‍ത്തിംഗ്(Earthing) - എന്താണ് ഉദ്ദേശിക്കുന്നത് ?


 ഒരു വൈദ്യുത ഉപകരണത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന ലോഹഭാഗങ്ങളും വൈദ്യുതി പ്രവഹിക്കാത്ത ലോഹഭാഗങ്ങളും ഉണ്ടായിരിക്കും. അശ്രദ്ധമായ നിര്‍മ്മാണം കൊണ്ടോ, ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ വൈദ്യുതി പ്രവഹിക്കപ്പെടാന്‍ പാടില്ലാത്ത ഭാഗങ്ങളിലേക്ക് വൈദ്യുതി പ്രവഹിച്ചാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഇലക്ട്രിക് ഷോക്ക്(വൈദ്യുതാഘാതം)ഏല്‍ക്കുകയുംഅപകടം(മരണം ഉള്‍പ്പെടെയുള്ള)  സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലീക്കേ‍ജ് കറണ്ടിനെ(അനുവദിക്കപ്പെടാത്ത ഭാഗങ്ങളിലേക്ക് വരുന്ന വൈദ്യുതി) ഭൂമിയിലേക്ക് പ്രവഹിപ്പിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സംവിധാനമാണ് എര്‍ത്തിംഗ്.

               അതായത് ഉപകരണങ്ങളിലെ  വൈദ്യുതി പ്രവഹിക്കപ്പെടാന്‍ പാടില്ലാത്ത ലോഹഭാഗങ്ങളെ കട്ടികൂടിയ ചെമ്പ്കമ്പിയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്നതിനെയാണ് എര്‍ത്തിംഗ് എന്ന് പറയുന്നത്.

 ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ഒരു അയേണ്‍ ബോക്സ് ത്രീപിന്‍ പ്ലഗ്ഗും സോക്കറ്റും ഉപയോഗിച്ച് എര്‍ത്ത്ചെയ്തിരിക്കുന്നതാണ്.ഇവിടെ കാലപഴക്കത്താല്‍ ഹീറ്റിംഗ് കോയിലിന്റെ ഇന്‍സുലേഷന്‍ തകരാറിലാകുമ്പോള്‍(സാധാരണ സംഭവിക്കാറുള്ളത്) ലോഹനിര്‍മ്മിതമായ സോള്‍പ്ലേറ്റിലേക്ക് വൈദ്യുതിപ്രവഹിക്കുന്നു. പ്രസ്തുത കരണ്ട് ഭൂമിയിലേക്ക് എര്‍ത്തിംഗ് വഴി ഒഴുകാന്‍ ശ്രമിക്കുമ്പോള്‍ വയറിംഗ് സര്‍ക്യൂട്ടിലെ കരണ്ട് ക്രമാതീതമായി ഉയരുന്നു.ഉടന്‍തന്നെ സര്‍ക്യൂട്ടിലെ ഫ്യൂസ് വയര്‍ ഉരുകി (MCB/ELCBപ്രവര്‍ത്തിച്ച്) വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ഉപയോക്താവ് ഷോക്ക്ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. എര്‍ത്തിംഗ് നിങ്ങളെ രക്ഷിക്കുന്നത് എങ്ങിനെയെന്ന് മനസിലായല്ലോ?

പലരും എര്‍ത്തിംഗ് വേണ്ടത്ര ശ്രദ്ധിക്കാറില്ല.വയറിംഗ് ചെയ്യുമ്പോള്‍ പൂര്‍ണ്ണമായി ചെയ്യാറുമില്ല. ഇതിന്റെ ദോഷവശങ്ങള്‍
  1. ഏതെങ്കിലും ഉപകരണത്തില്‍ കരണ്ട് ലീക്കുണ്ടായാല്‍ ഷോക്കടിക്കുന്നു.
  2. കരണ്ട് ലീക്കാകുന്നത് വഴി നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതിഉപഭോഗം കൂടുന്നു.(വൈദ്യുതബില്ല് അകാരണമായി വര്‍ദ്ധിക്കുന്നു)
എര്‍ത്തിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

  1. 14SWG(2.9mm2) കോപ്പര്‍ വയര്‍ ഉപയോഗിച്ച് വീട്ടിലെ പ്ലഗ്ഗ്പോയിന്റുകളിലെ എര്‍ത്ത് പിന്നുകള്‍ മുഴുവനും എര്‍ത്തും തമ്മില്‍ ബന്ധിപ്പിക്കേണ്ടതാണ്.(ചിലവ് കാര്യമാക്കരുത്)
  2. വീടിന്റെ തറയില്‍നിന്നും 1.5 മീറ്റര്‍ അകലത്തിലാണ് എര്‍ത്ത് പൈപ്പ് (2.5 മീറ്റര്‍ നീളം,38 മീല്ലീമീറ്റര്‍ വ്യാസം)കുഴിച്ചിടേണ്ടത്.
  3. ഉപ്പും കരിയും മിശ്രിതം ഉപയോഗിച്ച് കുഴി നിറയ്ക്കക.
  4. നല്ല വേനലില്‍ ഇടയ്ക് നനച്ചുകൊടുക്കുക.
  5. ഇലക്ട്രീഷ്യനോട് എര്‍ത്തിംഗ് ടെസ്റ്റ് ചെയ്ത് അതിന്റെ വാല്യു 1ഓമില്‍ താഴയാണ് എന്ന് ഉറപ്പാക്കുക.
                ശ്രദ്ധിക്കുക.വൈദ്യുതി അനുസരണയുള്ള ഭൃത്യനാണെങ്കിലും സുക്ഷിച്ചില്ലെങ്കില്‍ കൊലയാളിയാകം......