Sunday, 24 December 2017

Important factors consider when choose an INVERTER for your home(ഇന്‍വേര്‍ട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്..)



നിങ്ങളുടെ വീട്ടിലേക്ക് ഇന്‍വേര്‍ട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി താഴെകൊടുത്ത കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടണം.
1.വീടുവയറിംഗ് ചെയ്യുമ്പോള്‍  ഇന്‍വെര്‍ട്ടര്‍ ഘടിപ്പിക്കാന്‍ പാകത്തില്‍  ലൈറ്റിംഗ് സര്‍ക്യൂട്ട്, പവര്‍ സര്‍ക്യൂട്ട് എന്നിങ്ങനെ വേര്‍തിരിച്ചാണോ വയറിംഗ് ചെയ്തത്?
2.ഏതെല്ലാം ഉപകരണങ്ങളാണ് ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കേണ്ടത്?
3.നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള ഇന്‍വെര്‍ട്ടറിന്റെ VA റേറ്റിംഗ് എത്രയാണ്?
4.ഇന്‍വെര്‍ട്ടറില്‍ എത്ര കപ്പാസിറ്റിയുള്ള ബാറ്ററിയാണ് അനുയോജ്യമായത്  ?

                        ഈ ചോദ്യങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്യാം...



1.ലൈറ്റുകള്‍, ഫാനുകള്‍, ചാര്‍ജിംഗ് പ്ലഗ് പോയിന്റുകള്‍,ടി.വി, എന്നിവ ഉള്‍പ്പെടുത്തി ലൈറ്റിംഗ് സര്‍ക്യൂട്ടും അയേണ്‍ ബോക്സ്,മിക്സി,വാഷിംഗ് മെഷീന്‍,മോട്ടോര്‍,ഫ്രിഡ്ജ് , പവര്‍ പ്ലഗ്ഗുകള്‍ എന്നിവ ഉള്‍പ്പെടുത്തി പവര്‍ സര്‍ക്യൂട്ടും വയറിംഗ് ചെയ്യുന്നു.സാധാരണ ഗതിയില്‍ കറണ്ട് പോകുമ്പോള്‍ ലൈറ്റിംഗ് സര്‍ക്യൂട്ട് മാത്രമാണ് ഇന്‍വേര്‍ട്ടറില്‍ പ്രവര്‍ത്തിക്കുക.ഇങ്ങനെ വയറിംഗ് ചെയ്തിട്ടില്ലെങ്കില്‍ കറണ്ട് പോകുമ്പോള്‍ വീട്ടിലെ മൊത്തം ഉപകരണങ്ങള്‍ ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും അത് ഓവര്‍ലോഡായി ഓഫാകുകയും ചെയ്യുന്നു.ഇങ്ങനെ സംഭവിക്കുന്നത് ഇന്‍വെര്‍ട്ടറിനെയും ബാറ്ററിയെയും ഒരുപോലെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്.


2.ലൈറ്റിംഗ് സര്‍ക്യൂട്ടില്‍ വരേണ്ട ഉപകരണങ്ങള്‍ കൂടാതെ മറ്റേതങ്കിലും ഉപകരണം ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍  ആദ്യമേ നിശ്ചയിക്കണം.അതിനുള്ള വയറിംഗ് പ്രത്യേകമായി ചെയ്ത് ഇന്‍വേര്‍ട്ടറില്‍ കണക്റ്റ് ചെയ്യാന്‍ സജ്ജമാക്കണം.
3.ഇന്‍വെര്‍ട്ടറിന്റെ VA റേറ്റിംഗ് കണക്കാക്കുന്ന വിധം ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം...

         കറണ്ട് പോകുന്ന സമയത്ത് നിങ്ങളുടെ വീട്ടില്‍ ഒരു മുറിയില്‍ 9വാട്സിന്റെ ഒരു എല്‍.ഇ.ഡി ബള്‍ബും 60വാട്സിന്റെ ഒരു ഫാനും വര്‍ക്ക് ചെയ്യണം.വീട്ടില്‍ മൊത്തം മൂന്ന് മുറികള്‍ ഉണ്ട്. കൂടാതെ സ്വീകരണ മുറിയില്‍ 100 വാട്സിന്റെ ടി.വിയും 60വാട്സിന്റെ ഒരു ഫാനും വര്‍ക്ക് ചെയ്യണം. അടുക്കളയില്‍ 9വാട്സിന്റെ ഒരു എല്‍.ഇ.ഡി ബള്‍ബും,വരാന്തയില്‍ 9വാട്സിന്റെ ഒരു എല്‍.ഇ.ഡി ബള്‍ബും വര്‍ക്ക് ചെയ്യണം. ഇന്‍വെര്‍ട്ടറിന്റെ VA റേറ്റിംഗ് എത്രയായിരിക്കണം?

9വാട്സിന്റെ  എല്‍.ഇ.ഡി ബള്‍ബ് x 6=   54watt
60വാട്സിന്റെ ഫാന്‍ x 4             = 240watt
100 വാട്സിന്റെ ടി.വി x1            = 100watt
                                           394watt
ഒരു ഉപകരണത്തിന്റെ വാട്സിലുള്ള പവര്‍ നിര്‍ണ്ണയിക്കുന്ന മൂന്ന് ഘടകങ്ങളാണ് വോള്‍ട്ടേജ്,കരണ്ട്,പവര്‍ ഫാക്ടര്‍ .വീട്ടുപകരണങ്ങള്‍ക്ക് പവര്‍ ഫാക്ടര്‍ 0.8 ആയിട്ടാണ് കണക്കാക്കുന്നത്. മൊത്തം പവറിനെ പവര്‍ ഫാക്ടര്‍ കൊണ്ട് ഹരിച്ച്
VA റേറ്റിംഗ് കാണാം...
                ഇവിടെ     394/0.8=492.5 VA ആയിരിക്കും..
അതായത് വിപണിയില്‍ ലഭ്യമായ ഇന്‍വേര്‍ട്ടര്‍ ശ്രേണിയില്‍ നിന്നും 600VAയുടെ ഇന്‍വേര്‍ട്ടര്‍ പ്രസ്തുത ആവശ്യത്തിന് നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്.

4.ബാറ്ററി കപ്പാസിറ്റി കണക്കാക്കുന്നത് എങ്ങനെ?


      ബാറ്ററി കപ്പാസിറ്റി  =   വാട്സിലുള്ള പവര്‍ x മണിക്കൂര്‍(ബാക്ക് അപ്പ്)
                                     ബാറ്ററി വോള്‍ട്ടേജ്
  ഇവിടെ വേണ്ടത്.....    =394 watts x 3 Hour
                                  12 volt
                          =98.5 AH ..ആവശ്യമാണ്. 

അതായത് 100 ആമ്പിയര്‍-അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററി ഉപയോഗിച്ചാല്‍ പ്രസ്തുത ഉപകരണങ്ങള്‍ 3 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം...

Monday, 2 October 2017

ELECTRIC FUSE(ഫ്യൂസ്)- നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്!!!

               




വീട്ടില്‍ കറണ്ട് പോകുമ്പോള്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്ന വാക്കാണ് ഫ്യൂസ്. ഫ്യൂസിനെകുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് താഴെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
 എന്താണ് ഫ്യൂസ് ?

        


  ഒരു വൈദ്യുതസര്‍ക്യൂട്ടിനെ അമിതവൈദ്യുതപ്രവാഹത്തില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള  ഒരു സംരക്ഷണോപാധിയാണ് ഫ്യൂസ്. അമിതവൈദ്യുതപ്രവാഹം സര്‍ക്യൂട്ടിനെയും ഉപകരണങ്ങളെയും കത്തിച്ച് നശിപ്പിക്കുന്നു.
     ഓവര്‍ലോഡിംഗ്,ഷോര്‍ട്ട് സര്‍ക്യൂട്ടിംഗ്  എന്നിവയാണ് അമിതവൈദ്യുത പ്രവഹത്തിനുള്ള കാരണങ്ങള്‍. 

ഓവര്‍ ലോഡിംഗ്
 ഒരു സ്രോതസ്സ്, ഒരു വൈദ്യുത ഉപകരണം, ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന വയറുകള്‍, വൈദ്യുത പ്രവാഹം നിയന്ത്രിക്കാനുള്ള സ്വിച്ച് എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു സര്‍ക്യൂട്ട്


                                               ഇലക്ട്രിക് സര്‍ക്യൂട്ട്
ഉപകരണത്തിന് സ്രോതസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് വയറുകള്‍ നിശ്ചിത ശേഷിയോട് കൂടിയതായിരിക്കണം. ഉദാഹരണമായി 2500 വാട്ട്സ് ശേഷിയുള്ള ഒരു വാട്ടര്‍ ഹീറ്റര്‍ 250 വോള്‍ട്ട് എ.സി സപ്ലൈയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 ആമ്പിയര്‍ ശേഷിയുള്ള വയറുകളും സ്വിച്ചും ആവശ്യമാണ്.ഈ സര്‍ക്യൂട്ടില്‍ അവിചാരിതമായി മറ്റൊരു 2500 വാട്ട്സിന്റെ ഉപകരണംഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രസ്തുത വയറുകളിലൂടെ 20 ആമ്പിയര്‍ കരണ്ട് ഒഴുകും.10 ആമ്പിയര്‍ ശേഷിയുള്ള വയറിലൂടെ 20 ആമ്പിയര്‍ കരണ്ട് ഒഴുകാന്‍ ശ്രമിക്കുമ്പോള്‍ അത് ചൂടായി കത്തി നശിക്കുന്നു. അതായത് നിശ്ചിത ശേഷിയുള്ള വയറിംഗില്‍, അതിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.അതില്‍ കൂടുതല്‍ ഉപകരണങ്ങള്‍ കണക്റ്റ് ചെയ്താല്‍ വയറിംഗ് കത്തി നശിക്കുന്നു. ഇതാണ് ഓവര്‍ ലോഡിംഗ് .
                                                                     ഓവര്‍ലോഡിംഗ്
ഷോര്‍ട്ട് സര്‍ക്യൂട്ട്

ഒരു ഇലക്ട്രിക് സര്‍ക്യൂട്ട് പ്രവര്‍ത്തിക്കുന്നത് വൈദ്യുതശ്രോതസ്സില്‍ (Source) നിന്നും വൈദ്യുതി ഒരു ചാലകം(Conductor) വഴി ഉപകരണത്തില്‍ എത്തി അതില്‍കൂടെ കടന്ന്  മറ്റൊരു ചാലകം വഴി ശ്രോതസ്സില്‍ തിരികെയെത്തുമ്പോഴാണ്. ഉപകരണത്തിന്റെ നിശ്ചിതപ്രതിരോധം സര്‍ക്യൂട്ടിലൂടെയുള്ള കറണ്ടിന്റെ അളവിനെ ക്രമീകരിക്കുന്നു.ഉദാഹരണമായി 25ഓം പ്രതിരോധമുള്ള ഇലക്ട്രിക് ഹീറ്റര്‍ 250വോള്‍ട്ട് സപ്ലൈയുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആ സര്‍ക്യൂട്ടിലൂടെ ഒഴുകുന്ന കറണ്ട് 10 ആമ്പിയര്‍ ആയിരിക്കും(As per Ohm's law I=V/R).ഈ സര്‍ക്യൂട്ടില്‍ ഉപയോഗിച്ചിരിക്കുന്ന വയറുകളുടെ ശേഷി 10 ആമ്പിയര്‍ ആയിരിക്കും. ഈ രണ്ടു ചാലകങ്ങളും ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ മറ്റോ നേരിട്ട് സമ്പര്‍ക്കത്തില്‍(Short circuit) വന്നാല്‍ അവിടെ പ്രതിരോധം വളരെകുറവായിരിക്കുകയും കറണ്ട് ഉപകരണത്തിലേക്ക് പോകാതെ വളരെ വലിയഅളവില്‍ ശ്രോതസ്സിലേക്ക് തിരിച്ചൊഴുകാന്‍ ശ്രമിക്കുകയും ചെയ്യുന്നു.തല്‍ഫലമായി വയറിംഗിലൂടെയുള്ള കറണ്ട് ക്രമാതീതമായി വര്‍ദ്ധിക്കുകയും അത് അത്യധികമായിചൂടായി കത്തിനശിക്കുകയും ചെയ്യുന്നു. ഇതാണ് ഷോര്‍ട്ട് സര്‍ക്യൂട്ട്

ഫ്യൂസ് കത്തിപ്പോയാല്‍ ചെയ്യേണ്ടത്.
  1.  മെയിന്‍സ്വി‍ച്ച് ഓഫ് ചെയ്യുക.
  2. ഫ്യൂസ് യൂണിറ്റില്‍ നിന്നും ഫ്യസ് കാരിയര്‍ ശ്രദ്ധാപൂര്‍വ്വം ഊരിയെടുത്ത് ഫ്യൂസ് വയര്‍ മാറ്റിയിടുക.
  3. വീട്ടിലെ എല്ലാസ്വിച്ചുകളും ഉപകരണങ്ങളും ഓഫ് ചെയ്ത് വെയ്കുക.
  4. ഫ്യൂസ് യൂണിറ്റില്‍ ഫ്യസ് കാരിയര്‍ തിരികെ ഘടിപ്പിച്ച്  മെയിന്‍സ്വി‍ച്ച് ഓണ്‍ ചെയ്യുക.
  5. ഉപകരണങ്ങള്‍ ഓരോന്നായി ഓണ്‍ചെയ്ത് നോക്കുക. ഏതെങ്കിലും പ്രത്യേക ഉപകരണം ഓണ്‍ ചെയ്യുമ്പോള്‍ ഫ്യൂസ് വീണ്ടും കത്തിപ്പോയാല്‍ അവിടെയായിരിക്കും തകരാര്‍.പ്രസ്തുത തകരാര്‍ പരിഹരിച്ചശേഷം മാത്രം ( വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിന് ഇലക്ട്രീഷ്യന്മാരെ ഏര്‍പ്പാടാക്കുക. ) ഫ്യൂസ് മാറ്റിയിടുക. 
  6.  ഓവര്‍ലോഡുകൊണ്ടാണ് ഫ്യൂസ് കത്തിപ്പോയതെങ്കില്‍ ലോഡ്കുറച്ചശേഷം മാത്രം ഫ്യൂസ് മാറ്റിയിടുക.
  7. കട്ടികൂടിയ ഫ്യൂസ് വയര്‍ ഒരിക്കലും ഉപയോഗിക്കരുത്. അത് നിങ്ങളുടെ വയറിംഗ് കത്തിനശിക്കാന്‍ ഇടയാക്കും. 
                 ഫ്യൂസിന്റെ പ്രവര്‍ത്തനം മനസിലാക്കുന്നതിനുള്ള വീഡിയോ...

                           



           

Saturday, 30 September 2017

എര്‍ത്തിംഗ്(Earthing) - എന്താണ് ഉദ്ദേശിക്കുന്നത് ?


 ഒരു വൈദ്യുത ഉപകരണത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന ലോഹഭാഗങ്ങളും വൈദ്യുതി പ്രവഹിക്കാത്ത ലോഹഭാഗങ്ങളും ഉണ്ടായിരിക്കും. അശ്രദ്ധമായ നിര്‍മ്മാണം കൊണ്ടോ, ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ വൈദ്യുതി പ്രവഹിക്കപ്പെടാന്‍ പാടില്ലാത്ത ഭാഗങ്ങളിലേക്ക് വൈദ്യുതി പ്രവഹിച്ചാല്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഇലക്ട്രിക് ഷോക്ക്(വൈദ്യുതാഘാതം)ഏല്‍ക്കുകയുംഅപകടം(മരണം ഉള്‍പ്പെടെയുള്ള)  സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലീക്കേ‍ജ് കറണ്ടിനെ(അനുവദിക്കപ്പെടാത്ത ഭാഗങ്ങളിലേക്ക് വരുന്ന വൈദ്യുതി) ഭൂമിയിലേക്ക് പ്രവഹിപ്പിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സംവിധാനമാണ് എര്‍ത്തിംഗ്.

               അതായത് ഉപകരണങ്ങളിലെ  വൈദ്യുതി പ്രവഹിക്കപ്പെടാന്‍ പാടില്ലാത്ത ലോഹഭാഗങ്ങളെ കട്ടികൂടിയ ചെമ്പ്കമ്പിയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്നതിനെയാണ് എര്‍ത്തിംഗ് എന്ന് പറയുന്നത്.

 ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ഒരു അയേണ്‍ ബോക്സ് ത്രീപിന്‍ പ്ലഗ്ഗും സോക്കറ്റും ഉപയോഗിച്ച് എര്‍ത്ത്ചെയ്തിരിക്കുന്നതാണ്.ഇവിടെ കാലപഴക്കത്താല്‍ ഹീറ്റിംഗ് കോയിലിന്റെ ഇന്‍സുലേഷന്‍ തകരാറിലാകുമ്പോള്‍(സാധാരണ സംഭവിക്കാറുള്ളത്) ലോഹനിര്‍മ്മിതമായ സോള്‍പ്ലേറ്റിലേക്ക് വൈദ്യുതിപ്രവഹിക്കുന്നു. പ്രസ്തുത കരണ്ട് ഭൂമിയിലേക്ക് എര്‍ത്തിംഗ് വഴി ഒഴുകാന്‍ ശ്രമിക്കുമ്പോള്‍ വയറിംഗ് സര്‍ക്യൂട്ടിലെ കരണ്ട് ക്രമാതീതമായി ഉയരുന്നു.ഉടന്‍തന്നെ സര്‍ക്യൂട്ടിലെ ഫ്യൂസ് വയര്‍ ഉരുകി (MCB/ELCBപ്രവര്‍ത്തിച്ച്) വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും ഉപയോക്താവ് ഷോക്ക്ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. എര്‍ത്തിംഗ് നിങ്ങളെ രക്ഷിക്കുന്നത് എങ്ങിനെയെന്ന് മനസിലായല്ലോ?

പലരും എര്‍ത്തിംഗ് വേണ്ടത്ര ശ്രദ്ധിക്കാറില്ല.വയറിംഗ് ചെയ്യുമ്പോള്‍ പൂര്‍ണ്ണമായി ചെയ്യാറുമില്ല. ഇതിന്റെ ദോഷവശങ്ങള്‍
  1. ഏതെങ്കിലും ഉപകരണത്തില്‍ കരണ്ട് ലീക്കുണ്ടായാല്‍ ഷോക്കടിക്കുന്നു.
  2. കരണ്ട് ലീക്കാകുന്നത് വഴി നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതിഉപഭോഗം കൂടുന്നു.(വൈദ്യുതബില്ല് അകാരണമായി വര്‍ദ്ധിക്കുന്നു)
എര്‍ത്തിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

  1. 14SWG(2.9mm2) കോപ്പര്‍ വയര്‍ ഉപയോഗിച്ച് വീട്ടിലെ പ്ലഗ്ഗ്പോയിന്റുകളിലെ എര്‍ത്ത് പിന്നുകള്‍ മുഴുവനും എര്‍ത്തും തമ്മില്‍ ബന്ധിപ്പിക്കേണ്ടതാണ്.(ചിലവ് കാര്യമാക്കരുത്)
  2. വീടിന്റെ തറയില്‍നിന്നും 1.5 മീറ്റര്‍ അകലത്തിലാണ് എര്‍ത്ത് പൈപ്പ് (2.5 മീറ്റര്‍ നീളം,38 മീല്ലീമീറ്റര്‍ വ്യാസം)കുഴിച്ചിടേണ്ടത്.
  3. ഉപ്പും കരിയും മിശ്രിതം ഉപയോഗിച്ച് കുഴി നിറയ്ക്കക.
  4. നല്ല വേനലില്‍ ഇടയ്ക് നനച്ചുകൊടുക്കുക.
  5. ഇലക്ട്രീഷ്യനോട് എര്‍ത്തിംഗ് ടെസ്റ്റ് ചെയ്ത് അതിന്റെ വാല്യു 1ഓമില്‍ താഴയാണ് എന്ന് ഉറപ്പാക്കുക.
                ശ്രദ്ധിക്കുക.വൈദ്യുതി അനുസരണയുള്ള ഭൃത്യനാണെങ്കിലും സുക്ഷിച്ചില്ലെങ്കില്‍ കൊലയാളിയാകം......



Saturday, 11 March 2017

KSEB- Service Request for Tariff change

KSEB-താരിഫ് മാറുന്നതിന് ......

       തെറ്റായ താരിഫ് ഉപയോഗിക്കുന്നത് താങ്കള്‍ക്ക് പിന്നീട് പിഴ ചുമത്തപ്പെടുന്നതിന് കാരണമായേക്കും അതിനാല്‍ ശരിയായ താരിഫിലാണ് വൈദ്യുതി ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.താരിഫുകളില്‍ ചിലതു താഴെ കൊടുത്തിരിക്കുന്നു.
  • ഗാര്‍ഹിക ആവശ്യത്തിന് LT-1A Tariff
  • വീട്/ കെട്ടിട നിര്‍മ്മാണം  LT-6F Tariff
  • വാണിജ്യ ഉപയോഗം LT-7A Tariff
  • കൃഷിആവശ്യം LT-5A Tariff
  • ഇന്‍ഡസ്ട്രിയല്‍ ആവശ്യം LT-4A Tariff
താങ്കളുടെ ശരിയായ താരിഫിലേക്ക് മാറുന്നതിന് താഴെ ലിങ്കില്‍ ലഭ്യമായ അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സെക്ഷന്‍ഓഫീസില്‍ സമര്‍പ്പിക്കുക.കണക്ടഡ് ലോഡ് വ്യത്യാസമുണ്ടെങ്കില്‍ കംപ്ളീഷന്‍ റിപ്പോര്‍ട്ട് കൂടി ഡൗണ്‍ലോഡ് ചെയ്തെടുത്ത് (ലൈസന്‍സ്ഡ് ഇലക്ട്രീഷ്യന്‍ പൂരിപ്പിച്ച് ഒപ്പിട്ടത) സമര്‍പ്പിക്കണ്ടതാണ്. തുടര്‍ന്ന് ആവശ്യമായ ഫീസടച്ച് പരിശോധന പൂര്‍ത്തിയാക്കി 7ദിവസത്തിനകം താരിഫ് മാറുന്നതാണ്.
 Tariff Change Application form 
Test cum compleation certifcate 

Monday, 6 March 2017

To view your latest KSEB electricity bill and download.(ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും.)

 



താങ്കളുടെ ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ളിക് ചെയ്യുക.
തുടര്‍ന്ന് 
  • താങ്കളുടെ സെക്ഷന്‍ ഓഫീസ് സെലക്ട് ചെയ്യുക 
  • 5 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
  • View Bill ബട്ടണ്‍ അമര്‍ത്തുക
എല്ലാ വിശദാംശങ്ങളുമുള്ള ലേറ്റസ്റ്റ് ബില്‍ കാണാവുന്നതാണ്. ആവശ്യമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. 
ബില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോ കാണുന്നതിനായി താഴെ ക്ളിക് ചെയ്യുക.



Sunday, 5 March 2017

KSEB-വൈദ്യുതിമുടക്കം/ബില്‍ തുക മൊബൈലില്‍ അറിയിപ്പായി ലഭിക്കുന്നതിന്........

 മൊബൈല്‍ ഫോണില്‍ വൈദ്യുതിമുടക്കം കൃത്യമായി അറിയുന്നതിനും,ബില്‍തുക അറിയുന്നതിനും KSEB ഒരുക്കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് Bill Alert & Outage Management System. ഈ സംവിധാനം ലഭ്യമാക്കുന്നതിനായി താഴെ കൊടുത്ത ലിങ്കില്‍ ക്ളിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിക്കുക.


13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, ബില്‍ നമ്പര്‍ ,മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്യുക.
താങ്കളുടെ സെക്ഷന്‍ഓഫീസില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
 ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുക.......

വിശദമായി കാര്യങ്ങള്‍ മനസിലാക്കുന്നതിന് താഴെയുള്ള വീഡിയോ കാണുക



 

Friday, 3 March 2017

എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍(ELCB)

 ഇ.എല്‍.സി.ബി(ELCB) 

                                 വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇന്‍സുലേഷന്‍തകരാറുകൊണ്ടോ,മറ്റോഅവിചാരിത വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakege) അത് പ്രവര്‍ത്തിപ്പിക്കുന്നആള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ (ElectricShock) സാദ്ധ്യതയുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതപ്രവാഹം ഉടനടിനിര്‍ത്തി വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധി(Protective Device) യാണ് ഇ.എല്‍.സി.ബി(ELCB)

  ഇ.എല്‍.സി.ബി(ELCB) രണ്ട് തരമുണ്ട്

   1.വോള്‍ട്ടേജ്- ഇ.എല്‍.സി.ബി.

  2. കറണ്ട് -ഇ.എല്‍.സി.ബി   അഥവാ റെസിഡ്വല്‍ കറണ്ട് സര്‍ക്യൂട്ട് ബ്രേക്കര്‍(RCCB)

വോള്‍ട്ടേജ് -ഇ.എല്‍.സി.ബി   


ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് V-ELCB യുടെ സര്‍ക്യൂട്ട് ഡയഗ്രമാണ്.ഇതില്‍ ട്രിപ്പ് റിലേ കോയിലിന്റെ ഒരറ്റം ഉപകരണത്തിലെ ലോഹഭാഗത്തിലും മറ്റേ അറ്റം എര്‍ത്ത് കണക്ഷനുമായി നേരിട്ടും ബന്ധിപ്പിച്ചിരിക്കുന്നു.എന്തെങ്കിലും കാരണവശാല്‍ ഉപകരണത്തിലെ ലോഹഭാഗത്തിലേക്ക് വൈദ്യുതപ്രവാഹമുണ്ടായാല്‍ റിലേ കോയിലില്‍ ഒരു പൊട്ടന്‍ഷ്യല്‍ ഡിഫ്രന്‍സ് അനുഭവപ്പെടുകയും കോയില്‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുന്നു.
ന്യൂനതകള്‍
  • ശരിയായ എര്‍ത്ത് കണക്ഷനില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക.
  • ഏത് ഉപകരണവുമായിട്ടാണോ ബന്ധിപ്പിച്ചിട്ടുള്ളത്, അതിനുമാത്രമേ സംരക്ഷണം ലഭിക്കുകയുള്ളൂ. സര്‍ക്യൂട്ടിലെ മറ്റ് ഭാഗങ്ങളിലെ കറണ്ട് ലീക്കേജ് അറിയുകയില്ല.
 മേല്‍ ന്യൂനതകളാല്‍ ഇത്തരം ELCB കളുടെ ഉപയോഗം പരിമിതമാണ്.

 കറണ്ട് -ഇ.എല്‍.സി.ബി   അഥവാ റെസിഡ്വല്‍ കറണ്ട് സര്‍ക്യൂട്ട് ബ്രേക്കര്‍(RCCB)


ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് കറണ്ട് ഓപ്പറേറ്റ‍ഡ് ELCB(RCCB) യുടെ സര്‍ക്യൂട്ട് ഡയഗ്രമാണ്.ഇതില്‍ ഒരു റിംഗ് കോറിലായി മൂന്ന് കോയിലുകള്‍ ചുറ്റിയിരിക്കുന്നു.ഒരു കോയില്‍ ഫേസ് ലൈനിന് ശ്രേണിയായും(Series Connection) അടുത്തത് ന്യൂട്രല്‍ ലൈനിന് ശ്രേണിയായും ,മൂന്നാമത് കോയില്‍ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു.ഫേസ് കോയിലും ന്യൂട്രല്‍കോയിലും വിപരീതദിശകളില്‍ ചുറ്റിയതിനാല്‍,സാധാരണഗതിയില്‍(ഫേസ് കറണ്ടും ന്യൂട്രല്‍ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങള്‍ പരസ്പരം നിര്‍വ്വീര്യമാക്കപ്പെടുന്നു.പരിണിത കാന്തികമണ്ഡലം(Resultant magnetic feild) പൂജ്യമായതിനാല്‍ റിലേ പ്രവര്‍ത്തിക്കുന്നില്ല. 
                           സര്‍ക്യൂട്ടില്‍ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാല്‍,ന്യൂട്രല്‍ കറണ്ടില്‍ വ്യത്യാസം ഉണ്ടാവുകയുംപരിണിത കാന്തികമണ്ഡലം(Resultant magnetic feild) വര്‍ദ്ധിക്കുകയും ചെയ്യുന്നു. തല്‍ഫലമായി റിലേ കോയിലില്‍ ഒരു പൊട്ടന്‍ഷ്യല്‍ ഡിഫ്രന്‍സ് അനുഭവപ്പെടുകയും കോയില്‍ ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Flux-നാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിക്കുന്നത്കൊണ്ടാണ് ഇതിനെ Residual Current Device എന്ന്കൂടി പറയുന്നു. ധാരാളം മേന്‍മകള്‍ ഉള്ളതിനാല്‍ RCCB -യാണ് കൂടുതലായി ഉപയോഗിക്കുന്നത്.
ELCB-യുടെ പ്രവര്‍ത്തനം കാണിക്കുന്ന ആനിമേറ്റഡ് വീഡിയോ കാണുന്നതിനായ് താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക.








KSEB- Ownershipchange

ഒരു കെട്ടിടത്തിലെ വൈദ്യുതികണക്ഷന്‍ ഉടമസ്ഥാവകാശം,കെട്ടിടം വാ‍ങ്ങുന്ന ആളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍

  1. ഉടമസ്ഥാവകാശം മാറുന്നതിനുള്ള നിശ്ചിത ഫോറം(ഭാവി ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായുള്ളത്) ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ വ്യക്തമായി പൂരിപ്പിക്കുക. ഡൗണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. 
  2. OwnerShip Change Application Form
  3. കണക്ടഡ് ലോഡ് വ്യത്യാസം ഉണ്ടെങ്കില്‍ ,Test cum completion certificate അംഗീകൃത വയര്‍മാന്‍ /സൂപ്പര്‍വൈസര്‍/ കോണ്‍ട്രാക്റ്റര്‍ പൂരിപ്പിച്ച് ഒപ്പിട്ടത് കൂടി സമര്‍പ്പിക്കേണ്ടതാണ്.
  4. അപേക്ഷയോടപ്പം സമര്‍പ്പിക്കേണ്ട പ്രമാണങ്ങള്‍ 
  • തിരിച്ചറിയല്‍ രേഖ( ആധാര്‍ കാര്‍ഡ്,ഇലക്ഷന്‍ ഐഡി കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ ഏതെങ്കിലും)
  • പാസ്പോര്‍ട്ട്സൈസ് ഫോട്ടോ.
  • മുന്‍ ഉടമസ്ഥന്‍ സാക്ഷികള്‍ മുഖാന്തിരം ഒപ്പിട്ട് നല്‍കിയ Transfer of Serviceconnection Agreement(200 രൂപയുടെ മുദ്രപത്രത്തില്‍) അല്ലെങ്കില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍  Indemnity Bond സാക്ഷികള്‍ മുഖാന്തിരം ഭാവിഉടമസ്ഥന്‍ ഒപ്പിട്ട് നല്‍കുന്നത്.
  •  200രൂപയുടെ സ്പെഷ്യല്‍ അഡ്ഹസീവ് സ്റ്റാമ്പ്.  
  • ഭൂമികൈവശ സര്‍ട്ടിഫിക്കറ്റ്(വില്ലേജ് ഓഫീസര്‍ നല്‍കുന്നത്)
  • െട്ടിട ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്(പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി സെക്രട്ടറി നല്‍കുന്നത്)                                                                                                                                      
  • താങ്കളുടെ സെക്ഷന്‍ ഓഫീസില്‍ അപേക്ഷയും ബന്ധപ്പെട്ട പ്രമാണങ്ങളും സമര്‍പ്പിച്ച് , 10/- Application fees,100/- Processing fees  അടച്ച് 7 ദിവസത്തിനകം പരിശോധനപൂര്‍ത്തിയാക്കി ഉടമസ്ഥാവകാശം മാറുന്നതാണ്.
  •  കൂടുതല്‍ വിവരങ്ങള്‍ക്ക് kseb സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക.Link for Ownership change details